ശബരിമലയില്‍നിന്ന് നോട്ടുകള്‍ മലയിറങ്ങുന്നു

തൃശൂര്‍: ചെറിയ നോട്ടുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഒടുവില്‍ ‘അയ്യപ്പന്‍ സഹായം’. ശബരിമലയില്‍ ഭക്തന്മാര്‍ കാണിക്കയിടുന്ന പണം കൈകാര്യം ചെയ്യുന്ന ധനലക്ഷ്മി ബാങ്ക് വഴി സംസ്ഥാനത്തിന്‍െറ പല ഭാഗത്തും ഇന്നലെ ചെറിയ നോട്ടുകള്‍ എത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുപോലും ധനലക്ഷ്മി ബാങ്കിന്‍െറ ഈ സേവനത്തെ ആശ്രയിക്കേണ്ടിവന്നു. പക്ഷേ, സംസ്ഥാനം നേരിടുന്ന രൂക്ഷമായ പണച്ചുരുക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തീരെ അപര്യാപ്തമാണെന്ന് ബാങ്ക് ഓഫിസര്‍മാര്‍ പറയുന്നു.

സംസ്ഥാനത്തെ പല പ്രധാന ക്ഷേത്രങ്ങളുടെയും വരുമാനം കൈകാര്യം ചെയ്യുന്നത് ധനലക്ഷ്മി ബാങ്കാണ്. അതില്‍ പ്രധാനം ശബരിമല തന്നെ. കഴിഞ്ഞദിവസം ശബരിമലയില്‍നിന്ന് 10 മുതല്‍ 100 വരെയുള്ള കറന്‍സികളാണ് ബാങ്ക് ഇറക്കിയത്. തൃശൂരിലെ എസ്.ബി.ഐ മെയിന്‍ ശാഖക്കുതന്നെ അതില്‍നിന്ന് ഒരു കോടിയോളം രൂപ ലഭിച്ചു. അതില്‍ പഴകിയ നോട്ടുകളും ധാരാളമുണ്ടെന്നുമാത്രം. ചെറിയ നോട്ടുകളുടെ ക്ഷാമം രൂക്ഷമായി തുടരുമ്പോള്‍ത്തന്നെ, ഇന്നുമുതല്‍ വലിയ നോട്ടുകള്‍ക്കും വലിയ ഡിമാന്‍ഡാകും. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യേണ്ടതുതന്നെ കാരണം.

പെന്‍ഷന്‍, പ്രത്യേകിച്ച് പ്രതിരോധ വിഭാഗത്തിന്‍െറ പെന്‍ഷന്‍ വിതരണത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് ബാങ്കുകള്‍ക്ക് വാക്കാല്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സ്വന്തം ഇടപാടുകാര്‍പോലും ഇനിയുള്ള ഒരാഴ്ചയോളം ‘സഹിക്കേണ്ടി വരും’ എന്നര്‍ഥം. 500ന്‍െറ പുതിയ നോട്ട് തീര്‍ത്തും പരിമിതമായാണ് വരുന്നത്. അതുതന്നെ എസ്.ബി.ഐക്ക് കാര്യമായി കിട്ടിയതുമില്ല. പഴയ തലമുറ സ്വകാര്യ ബാങ്കുകള്‍ക്കാണ് 500ന്‍െറ നോട്ട് ഇടക്കെങ്കിലും കിട്ടുന്നത്. അതേസമയം, പുതുതലമുറ ബാങ്കുകളെ റിസര്‍വ് ബാങ്ക് കൈമെയ് മറന്ന് സഹായിക്കുന്നുവെന്ന് പൊതുമേഖല, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കുപോലും ആക്ഷേപമുണ്ട്.

ശമ്പള വിതരണ ദിവസങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബാങ്കുകള്‍ക്ക് രേഖാമൂലം നിര്‍ദേശമൊന്നും കിട്ടിയിട്ടില്ല. പെന്‍ഷന്‍കാര്‍ക്ക് പ്രധാന പരിഗണന നല്‍കിയാല്‍ ശമ്പളക്കാരോട് എന്തു പറയണം, സ്വന്തം ഇടപാടുകാരെ ഏതുരീതിയില്‍ പരിഗണിക്കണം എന്നെല്ലാമുള്ള ആശങ്ക ശക്തമായി തുടരുകയാണ്. എ.ടി.എമ്മുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു. പ്രവര്‍ത്തിക്കുന്നവയില്‍ 2000ന്‍െറ നോട്ടാണ് കിട്ടുന്നത്. ബാങ്കുകളിലാകട്ടെ, 2000ന്‍െറ നോട്ടുപോലും കാലിയാകുന്ന സ്ഥിതിയാണ്.

 

Tags:    
News Summary - notes from sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.