ചെങ്ങന്നൂർ: കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിന്‍റെ സഹായം ചോദിക്കുന്ന നിലയിൽ ആന്‍റണി എത്തിച്ചേർന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. സാധാരണ ആന്‍റണി കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കുന്ന ആളായിരുന്നു. കെ.എസ്.യുവും യൂത്ത് കോൺഗ്രസും ആയിരുന്ന കാലത്തെ കോൺഗ്രസിനെയാണ് ആന്‍റണി മനസിൽ കൊണ്ട് നടക്കുന്നതെന്നും പിണറായി പരിഹസിച്ചു.
പല ഘട്ടങ്ങളിലും ആർ.എസ്.എസ് സഹായം കോൺഗ്രസ് നേടിയിട്ടുണ്ട്. ആർ.എസ്.എസിനോട് കോൺഗ്രസിന് മൃദുസമീപനമാണ്. വടകര-ബേപ്പൂർ മോഡൽ കോ-ലി-ബി സംഖ്യം ഉണ്ടാക്കിയിട്ടും അവർക്ക് ജയിക്കാനായില്ലെന്നും പിണറായി വ്യക്തമാക്കി.
ഒ. രാജഗോപാലിനെ നേമത്ത് കോൺഗ്രസ് സഹായിച്ചു. അതിന് പ്രത്യുപകാരമായി അടുത്ത മണ്ഡലത്തിൽ ബി.ജെ.പി കോൺഗ്രസിനെ സഹായിച്ചു. ഇതിന്‍റെ തുടർച്ചയാണ് ചെങ്ങന്നുരിൽ നടക്കുന്നത്. അത് കൊണ്ടാണ് ആർ.എസ്.എസിനോട് ആന്‍റണി അഭ്യർഥിച്ചത്. ഒരു കാരണവശാലും ജനങ്ങൾ അവസരവാദ നിലപാടിന് കൂട്ട് നിൽക്കില്ലെന്നും പിണറായി പറഞ്ഞു.
ഇന്ധന വില വർധനവിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് കോൺഗ്രസിന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് പിണറായി പറഞ്ഞു. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് നൽകിയത് കോൺഗ്രസ് ആണെന്നും പിണറായി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.