തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിൽ കടലിൽ അകപ്പെട്ടവരെ കണ്ടെത്താനായി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയുള്ള വ്യാപക തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ബുധനാഴ്ച മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി തീരസംരക്ഷണ സേനയുടെയും നേവിയുടെയും 12 കപ്പലുകളും ബോട്ടുകളുമാണ് ബുധനാഴ്ച തിരച്ചില്‍ ആരംഭിച്ചത്.
നാവികസേനയുടെ ഐ.എൻ.എസ് കല്‍പ്പേനി കൊച്ചിയിലും ഐ.എൻ.എസ് കാബ്ര കൊല്ലം തീരത്തും കോസ്റ്റ് ഗാര്‍ഡിെൻറ കപ്പലുകളായ വൈഭവ്, ആര്യന് എന്നിവ തിരുവനന്തപുരം കേന്ദ്രീകരിച്ചുമാണ് തിരച്ചിലിനിറങ്ങിയത്. കൊല്ലം മുതല്‍ കൊച്ചി വരെ ഉള്‍ക്കടലില്‍ വിഴിഞ്ഞം സ്വദേശിയായ നെല്‍സൺ, പൂന്തുറ സ്വദേശിയായ ക്രിസ്തുദാസ് എന്നീ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കാബ്ര തിരച്ചില്‍ നടത്തുന്നത്. അതിനിടെ പുറംകടലില്‍ ഒറ്റപ്പെട്ടുപോയ 23 മത്സ്യത്തൊഴിലാളികളെക്കൂടി കോസ്റ്റ് ഗാര്‍ഡും നേവിയും രക്ഷപ്പെടുത്തി. ‘ഓള്‍മൈറ്റി’ എന്ന ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ 12 മത്സ്യത്തൊഴിലാളികളെയാണ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയത്. അതിനു പുറമേ, സെൻറ് ആൻറണി എന്നൊരു ബോട്ടും ഉള്‍ക്കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ എത്രപേരുണ്ടെന്ന വിവരം ലഭ്യമല്ല. ലക്ഷദ്വീപിൽ തിരച്ചിൽ നടത്തവെ ബോട്ടില്‍ കുടുങ്ങിക്കിടന്ന 11 പേരെയാണ് നാവികസേന കണ്ടെത്തിയത്.
ഫിഷറീസ് വകുപ്പിെൻറ അഞ്ച് ബോട്ടുകളും തിരച്ചിലിനുണ്ട്. നാവിക വിമാനങ്ങൾ, ഹെലികോപ്ടറുകള്‍ എന്നിവയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. വിഴിഞ്ഞം, പൂന്തുറ, കൊച്ചി ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് നാവികസേനയുടെ കപ്പലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടലിൽ ബോട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പലരും ഭക്ഷണമില്ലാതെ കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്. നിലവില്‍ തിരച്ചില്‍ നടത്തുന്ന 20 നോട്ടിക്കല്‍മൈല്‍ എന്ന പരിധിയും ഇല്ലാതാക്കിയിട്ടുണ്ട്.
രാവിലെ തിരച്ചിൽ ആരംഭിച്ച് വൈകീട്ട് അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതോടെ ദൈര്‍ഘ്യം കുറഞ്ഞത് മൂന്നു ദിവസമാക്കി. കടലില്‍ തങ്ങിയുള്ള തിരച്ചിലാണ് നടത്തുക. കാറ്റിെൻറ ഗതിയനുസരിച്ച് കടലില്പ്പെട്ടിട്ടുള്ള ബോട്ടുകളുടെ സഞ്ചാരം വടക്കോട്ടാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിഗമനം. വരും ദിവസങ്ങളില്‍ തൊഴിലാളികളുടെ സഹായത്തോടെ നടത്തുന്ന തിരച്ചില്‍ ഗുണംചെയ്യുമെന്നാണ് അധികൃതരും പ്രതീക്ഷിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ഒാഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൗദ്യോഗികമായി 33 ആയി. കഴിഞ്ഞദിവസം വരെ 92പേർ തിരിച്ചുവരാനുണ്ടെന്ന് പറഞ്ഞിരുന്ന റവന്യൂ വകുപ്പ് കൺട്രോൾ റൂം ബുധനാഴ്ച വ്യക്തമാക്കിയത് 97 പേർ മടങ്ങിയെത്താനുണ്ടെന്നാണ്.
എന്നാൽ, തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേരെ കടലില്‍ കാണാതായിട്ടുണ്ടെന്ന് ലത്തീന്‍ അതിരൂപതയും കൊച്ചിയില്‍നിന്ന് പോയ 700 തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്ന് ഫിഷറീസ് കോഓഡിനേഷന്‍ കമ്മിറ്റിയും പറയുന്നു. ഇക്കാര്യങ്ങൾ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകി നടപ്പുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവർ പറയുന്നുമുണ്ട്. തീരപ്രദേശങ്ങളിൽ ഇപ്പോഴും കണ്ണീരും പ്രതീക്ഷയുമായി കഴിയുകയാണ് നിവാസികൾ. ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച സൗജന്യറേഷൻ ബുധനാഴ്ച ലഭ്യമാക്കിയെങ്കിലും അതിെൻറ ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും ശക്തമായി. ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഒരു മാസത്തേക്ക് സൗജന്യറേഷന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. റേഷന്‍ കടകളില്‍നിന്ന് 15 കിലോ അരിയാണ് നല്കാന് നിര്‍ദേശിച്ചതെങ്കിലും 13 കിലോ അരിമാത്രമേ നല്‍കുന്നുള്ളൂവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത അരി വാങ്ങില്ലെന്ന നിലപാടിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.