തിരുവനന്തപുരം: പി.എസ്.സി ഒ.എം.ആർ ഷീറ്റുകളുടെ അച്ചടി ഇനി സർക്കാർ പ്രസുകൾക്ക്. ഇതരസംസ്ഥാനങ്ങളിലെ സ്വകാര്യകമ്പനികളിൽനിന്ന് വാങ്ങുന്ന ഷീറ്റുകളുെട ഗുണനിലവാരം മോശമായതാണ് കാരണം. ഒപ്പം സാമ്പത്തികലാഭവും ലക്ഷ്യമിട്ടാണ് ഇൗ നീക്കത്തിന് സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അച്ചടിവകുപ്പ് നൽകിയ ഒ.എം.ആർ ഷീറ്റുകളുെട ‘ഡമ്മി’ പി.എസ്.സി അംഗീകരിച്ചു. രണ്ടുമാസത്തിനകം അച്ചടി ആരംഭിക്കും. പി.എസ്.സി ചരിത്രത്തിൽ ആദ്യമായാണ് ഒ.എം.ആർ ഷീറ്റ് സംസ്ഥാനത്തിനകത്ത് അച്ചടിക്കുന്നത്.
നിലവിൽ ഹൈദരാബാദിലെ കമ്പനിയിൽനിന്ന് റണ്ണിങ് ടെൻഡർ മുഖേനയാണ് ഷീറ്റ് വാങ്ങുന്നത്. ഒന്നര മുതൽ രണ്ട് രൂപവരെയാണ് ഒരു ഷീറ്റിന് നൽകുക. എന്നാൽ ഷീറ്റുകളുടെ ഗുണനിലവാരം മോശമായതോടെ ആറുമാസത്തിനിടയിൽ പി.എസ്.സി നടത്തിയ എല്ലാ പരീക്ഷയുടെയും മൂല്യനിർണയം പ്രതിസന്ധിയിലായി. കെ.എ.എസിൽ മാത്രം 9000ഒാളം ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്താനാകാതെ ഒ.എം.ആർ മെഷീൻ പുറന്തള്ളിയത്.
ഈ ഉത്തരക്കടലാസുകൾ ജീവനക്കാരെക്കൊണ്ട് മൂല്യനിർണയം നടത്തുകയാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ പ്രസിലും മണ്ണന്തല സർക്കാർ പ്രസിലുമായിരിക്കും അച്ചടി. മണിക്കൂറിൽ 35,000 ഷീറ്റുകൾ അച്ചടിക്കാൻ കഴിയുന്ന രണ്ട് വെബ് ഓഫ്സെറ്റ് മെഷീനാണ് മണ്ണന്തലയിൽ ഉള്ളത്. ഇവിടെനിന്ന് ഷീറ്റ് അച്ചടിച്ചശേഷം സെൻട്രൽ പ്രസിലെത്തിച്ച് ബാർകോഡ് രേഖപ്പെടുത്തും. ഡിസംബറോടെ സെൻട്രൽ പ്രസിൽ മാത്രമായി അച്ചടി ഏകീകരിക്കും. ഇതിനായി കിഫ്ബി വഴി ആറ് കോടിയുടെ ഫൈവ് കളർ ഷീറ്റ് ഫെഡ് ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ വാങ്ങാൻ ഉത്തരവായിട്ടുണ്ട്. ഈ മെഷീനെത്തിയാൽ ഷീറ്റുകളുടെ പാക്കിങ്ങും സീലിങ്ങും ജീവനക്കാരുടെ സഹായമില്ലാതെ നിർവഹിക്കാം. ഒ.എം.ആർ അച്ചടിക്കാൻ 75 ജി.എസ്.എം പേപ്പറുകൾ അച്ചടിവകുപ്പിന് നൽകുന്നതിന് ടെൻഡർ നടപടികൾ സ്റ്റേഷനറി വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.