കോട്ടയം: ദേശീയ പണിമുടക്കിന്‍റെ ആദ്യ ദിനം കെ.എസ്.ആർ.ടി.സിയിൽ ജോലിക്കെത്തിയത് 2525 ജീവനക്കാർ. ഇവർ ചേർന്ന് സംസ്ഥാനമൊട്ടാകെ നടത്തിയത് 52 സർവീസുകളും. മാർച്ച് 28 ലെ കണക്കനുസരിച്ച് 18145 സ്ഥിരം ജീവനക്കാരും 612 താൽക്കാലികക്കാരും ഉൾപ്പെടെ 18757 ജീവനക്കാർ കോർപറേഷനിലുണ്ട്.
428 സ്ഥിരം ജീവനക്കാർ അവധിയിലാണ്. ഇവരിൽ 13.46 ശതമാനം പേർ ജോലിക്കെത്തിയെങ്കിലും ഓടിക്കാനായത് ആകെ സർവീസുകളിൽ 1.31 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ ഓടിച്ചത് മാനന്തവാടി ഡിപ്പോയാണ്. 67 ഷെഡ്യൂളുകളിൽ 33 എണ്ണം നിരത്തിലിറക്കാൻ അവർക്കായി. ആകെയുള്ള 400 ജീവനക്കാരിൽ 147 പേർ ജോലിക്കെത്തിയിരുന്നു. തൊട്ടുപിന്നിൽ സുൽത്താൻ ബത്തേരിയാണ്. 66 സർവീസുകളിൽ 16 എണ്ണം ഓടി. 437 ജീവനക്കാരിൽ 49 പേരാണ് ജോലിക്കെത്തിയത്.
തിരുവനന്തപുരം സിറ്റിയിൽ 107 സർവീസുകളിൽ രണ്ടെണ്ണവും വിതുരയിലെ 31 സർവീസുകളിൽ ഒരെണ്ണവും ഓടിച്ചു. യഥാക്രമം 43 ഉം ഒമ്പതും ജീവനക്കാരാണ് ഇവിടെ ജോലിക്കെത്തിയത്. മറ്റുഡിപ്പോകളിലും ജീവനക്കാർ എത്തിയെങ്കിലും സർവീസുകൾ നടത്തിയില്ല. ബി.എം.എസ് അനുകൂല തൊഴിലാളി സംഘടനയിൽപെട്ടവരാണ് ജോലിക്കെത്തിയത്. സംഘപരിവാറിന് വലിയ സ്വാധീനമുള്ള പാലാ ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ജീവനക്കാരെത്തിയത്. 221 ജീവനക്കാരിൽ 72 പേർ ഇവിടെ ജോലിക്കെത്തി. എന്നാൽ, 55 സർവീസുകളിൽ ഒന്നുപോലും ഓടിക്കാൻ സാധിച്ചില്ല.
എറണാകുളത്ത് 288 ജീവനക്കാരിൽ 64 പേരും കോട്ടയത്ത് 190 പേരിൽ 60 ജീവനക്കാരും ഹാജരായെങ്കിലും സർവീസുകളൊന്നും നടത്തിയില്ല. 2020ൽ നടത്തിയ ഹിതപരിശോധനയുടെ കണക്കുകൾ പ്രകാരം ബി.എം.എസ്. സംഘടനയിൽപ്പെട്ട 4802 ജീവനക്കാർ കെ.എസ്.ആർ.ടി.സിയിലുണ്ട്. ഇവരെ ഉപയോഗിച്ച് സർവീസുകൾ നടത്താനുള്ള ഒരു ക്രമീകരണവും കോർപറേഷൻ മേധാവികൾ സ്വീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.