കോട്ടയം: ഓണത്തിന് അവധിയില്ല, സ്റ്റേഷനുകളിലെയും ക്യാമ്പുകളിലെയും പൊലീസുകാർക്കിടയിൽ കടുത്ത അതൃപ്തി. പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ബറ്റാലിയനുകളിൽ ഉൾപ്പെട്ട പൊലീസ് ട്രെയിനികൾക്കും ഓണം ആഘോഷിക്കാൻ വീട്ടിലേക്ക് പോകാൻ അവധി നിഷേധിച്ചിരിക്കുകയാണ്.
തിരുവോണ ദിനത്തിലെങ്കിലും കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാനുള്ള അവസരം നൽകണമെന്ന ആവശ്യമാണ് ട്രെയിനികൾ ഉന്നയിക്കുന്നത്. എന്നാൽ, പരിശീലനം ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂയെന്നും അതിനിടയിൽ അവധി നൽകുന്നത് നല്ല കീഴ്വഴക്കമാകില്ല.
മറ്റ് വിഭാഗങ്ങളെ പോലെയല്ല പൊലീസ് എന്നും ആഘോഷങ്ങൾക്ക് പരിശീലന വേളയിൽ അവധി നൽകുന്നത് സേനയുടെ അച്ചടക്കത്തെ ബാധിക്കുമെന്നാണ് വിശദീകരണം.
എന്നാൽ, അടുത്ത അഞ്ച് ദിവസം അവധിയായതിനാൽ തങ്ങൾക്ക് പരേഡോ മറ്റ് ഒരു പരിശീലനമോ ഇല്ലെന്നും അതിനാൽ അവധി അനുവദിക്കുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നാണ് ട്രെയിനികളുടെ വിശദീകരണം.
എന്തായാലും അവധി അനുവദിക്കേണ്ട എന്ന നിലപാടിലാണ് അധികൃതർ. അതിനിടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടി ക്യാമ്പിലും സ്റ്റേഷനുകളിലുമുള്ള പൊലീസുകാർക്കും അവധി നിഷേധിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
ഓണത്തിനുള്ള ഡ്യൂട്ടി സ്പെഷൽ ഡ്യൂട്ടിയായി പരിഗണിച്ചുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കുകയാണെന്നും പൊലീസുകാർ പരാതിപ്പെടുന്നു.
ക്യാമ്പുകളിലെ പൊലീസുകാരെ ഓണം വാരാഘോഷ സുരക്ഷാ ചുമതല എന്ന പേരിൽ പലയിടങ്ങളിലായി വിന്യസിപ്പിച്ചിരിക്കുകയാണെന്നും മതിയായ യാതൊരു സൗകര്യങ്ങളും ലഭ്യമാക്കുന്നില്ലെന്നും പൊലീസുകാർ പരാതിപ്പെടുന്നു.
സ്റ്റേഷനുകളിലും ഇതേ അവസ്ഥയാണെന്നും പലയിടങ്ങളിലും മതിയായ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലെന്നും അവർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.