റിലീസ് ഉത്തരവില്ലാതെ ഒരു കോടി അനുവദിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പട്ടികജാതി-വർഗ സഹകരണ ഫെഡറേഷന് സർക്കാർ റിലീസ് ഉത്തരവില്ലാതെ ഒരു കോടി രൂപ അനുവദിച്ച പട്ടികജാതി ഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം.

2016 -17 സാമ്പത്തികവർഷത്തിൽ സഹകരണ ഫെഡറേഷന് ഓഹരി മൂലധനമായി രണ്ട് കോടി വകയിരുത്തിയിരുന്നു. അതിൽ നിന്ന് ഒരു കോടി രൂപ 2017 മാർച്ച് നാലിലെ ഉത്തരവനുസരിച്ച് ഫെഡറേഷന് നൽകാൻ ഭരണാനുമതി നൽകി. തുടർന്ന് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും മാർച്ച് ആറിന് ഒരുകോടി രൂപ കൈമാറി. അവശേഷിച്ച ഒരു കോടി സർക്കാർ ഉത്തരവ് ഇല്ലാതെയാണ് ഡയറക്ടറേറ്റിൽ നിന്നും നൽകിയത്.

ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ മാർച്ച് 28ന് ധനകാര്യ മന്ത്രി ഉത്തരവിട്ടു. അതിൻറെ അടിസ്ഥാനത്തിലാണ് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. രണ്ടാമത് നൽകിയ ഒരു കോടി സർക്കാർ ഉത്തരവില്ലാതെ പട്ടികവർഗ ഡയറക്ടർ കാര്യാലയത്തിൽ നിന്ന് 2017 മാർച്ച് 23 ലെ ഉത്തരവ് പ്രകാരം 27നാണ് ട്രഷറിയിൽ നിന്ന് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സർക്കാർ നൽകിയ ആദ്യത്തെ (മാർച്ച് നാലിലെ) ഉത്തരവ് ഉപയോഗിച്ചാണ് വീണ്ടും ഒരു കോടി കൂടി കൈമാറിയത്. ഒരു ഉത്തരവ് ഉപയോഗിച്ച് രണ്ടുപ്രാവശ്യം തുക കൈമാറുകയായിരുന്നു. ഒന്നിനുപിറകെ മറ്റൊരു ഭരണാനുമതി ഉത്തരവ് കൂടി ലഭിച്ചുവെന്ന ധാരണയിലാണ് തുക കൈമാറിയെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.

ഡയറക്ടറുടെ കാര്യാലയത്തിലെ ക്ലാർക്ക് ആർ.ബൈജുവാണ് രണ്ടാമത് ഒരു കോടി കൂടി നൽകാൻ ശിപാർശ ചെയ്തതെന്നാണ് നോട്ട് ഫയൽ പരിശോധിച്ചപ്പോൾ അന്വേഷണ സംഘം കണ്ടെത്തിയത്​. മേലുദ്യോഗസ്ഥരാകട്ടെ ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് ശരിയായി വായിച്ചു നോക്കാതെ അംഗീകരിക്കുയും ചെയ്തു. അംഗീകാരത്തിനായി വരുന്ന നോട്ട് ഫയൽ പരിശോധിക്കേണ്ടത് ഉയർന്ന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ നടപടി ഗുരുതരമായ കൃത്യവിലോപം ആണെന്ന് റിപ്പോർട്ട് പറയുന്നു.

സർക്കാർ ഉത്തരവുകൾ പരിശോധിക്കാതെയാണ് ഡയറക്ടർ ഫയലിൽ തീരുമാനമെടുത്തത്. ഈ ഫയൽ ഫിനാൻസ് ഓഫീസറുടെ അഭിപ്രായത്തിനായി അയച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പട്ടികജാതി ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർമാരായ അലി അസ്ഗർ പാഷ, എം.എൻ ദിവാകരൻ, പരിവർത്തിക ശുപാർശിത കോർപ്പറേഷനിലെ ജോയിൻറ് ഡയറക്ടർ ശാരദ, ജൂനിയർ സൂപ്രണ്ട് ആർ. രാജേഷ് എന്നീ ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തിൽ ഇതിൽ വീഴ്ച വരുത്തിയത്.

ആദ്യഘട്ടമായി അനുവദിച്ച ഒരു കോടി രൂപയിൽ 90 ലക്ഷം രൂപ ഫെഡറേഷനിൽ അംഗങ്ങളായ സംഘങ്ങൾക്ക് നാല് ശതമാനം പലിശക്ക് അഞ്ച് ലക്ഷം രൂപ വീതം 36 മാസം കാലാവധിയിൽ വായ്പ അനുവദിച്ചു. പത്തുലക്ഷം പദ്ധതി നടത്തിപ്പിനുള്ള ഭരണപരമായ ചെലവുകൾക്ക് വിനിയോഗിച്ചു. രണ്ടാമത് അനുവദിച്ച ഒരു കോടിയിൽ 6.32 ലക്ഷം ഫെഡറേഷൻ ഭരണപരമായ കാര്യങ്ങൾക്ക് വിനിയോഗിച്ചു. ബാക്കി 93 ലക്ഷം ട്രഷറിയിൽ തന്നെ സൂക്ഷിച്ചു.

ഫെഡറേഷനിലും അംഗസംഘങ്ങളിലും ഓഡിറ്റ് നടത്തുന്നത് സഹകരണ വകുപ്പാണ്. എന്നാൽ, സംഘങ്ങൾ നടത്തിയ ഓഡിറ്റിൻെറ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. അതിനാൽ സംഘങ്ങളിലെ ഓഡിറ്റ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചു. സംഘങ്ങൾ തിരിച്ചടക്കുന്ന തുക ശേഷിക്കുന്ന സംഘങ്ങൾക്ക് വായ്പയായി നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. വായ്പ കുടിശ്ശിക വരുത്തുന്ന സംഘങ്ങളിൽ നിന്നും പിടിച്ചെടുക്കാൻ ആവശ്യമായ നടപടികൾ ഫെഡറേഷൻ ഭാഗത്തുനിന്നും അടിയന്തരമായി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.

സർക്കാർ റിലീസ് ഉത്തരവ് ഇല്ലാതെ ഭരണാനുമതി ഉത്തരവിൻെറ അടസ്ഥാനത്തിൽ ഫെഡറേഷൻ മാനേജിങ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് ഒരുകോടി കൈമാറിയ വെള്ളയമ്പലം ട്രഷറി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്ട്രീം ലൈനിങ് വകുപ്പ് ആവശ്യമായി നിർദേശം ട്രഷറി ഡയറക്ടർ നൽകണം. പട്ടികജാതി ഡയറക്ടറേറ്റിൽ സാമ്പത്തിക വിഷയങ്ങളിൽ ഫിനാൻസ് ഓഫീസറുടെ അംഗീകാരം കൂടി വാങ്ങിയതിനുശേഷം മാത്രമാണ് നടക്കുന്നതെന്ന് ഭരണവകുപ്പ് ഉറപ്പാക്കമെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോർട്ടിലെ ശുപാർശ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.