തിരുവനന്തപുരം: ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത പാവങ്ങൾക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ. ‘വിശപ്പുരഹിത കേരളം പദ്ധതി’യുടെ ഭാഗമായി സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ച് അശരണർക്കും സാധുക്കൾക്കും ഉച്ചഭക്ഷണം സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചു. മറ്റുള്ള ജനങ്ങൾക്ക് സബ്സിഡി നിരക്കിലായിരിക്കും ‘സർക്കാർ മെനു’ പ്രകാരമുള്ള ഭക്ഷണം. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നടപ്പാക്കും. കലക്ടറുടെ അധ്യക്ഷതയിെല പ്രത്യേക സമിതി പദ്ധതിനിർവഹണത്തിന് സ്വകാര്യ ഹോട്ടലുകളെയും സന്നദ്ധസംഘടനകളെയും തെരഞ്ഞെടുക്കും. നേരത്തേ തമിഴ്നാട്ടിലെ ‘അമ്മ’, കർണാടകയിലെ ‘നന്മ’ മാതൃകയിൽ കേരളത്തിലും ന്യായവില ഹോട്ടലുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു.
ഇത് വൻ സാമ്പത്തിക ബാധ്യത ക്ഷണിച്ചുവരുത്തുമെന്ന ധനകാര്യവകുപ്പിെൻറ മുന്നറിയിപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്ന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആരംഭിച്ച മാവേലി ഹോട്ടലുകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഇതോടെയാണ് സംസ്ഥാനത്ത് മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യഹോട്ടലുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി ഭക്ഷ്യപൊതുവിതരണ വകുപ്പിനോട് നിർദേശിച്ചത്. ഹോട്ടലുകളെ കൂടാതെ, ആശുപത്രികൾ കേന്ദ്രീകരിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധസംഘടനകൾ, കുടുംബശ്രീയുടെ നേതൃത്വത്തിെല കാൻറീനുകൾ, സെക്രേട്ടറിയറ്റ്-റെയിൽവേ-കെ.എസ്.ആർ.ടി.സി കാൻറീനുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും.
സഹകരിക്കുന്ന ഹോട്ടലുകളെ ‘കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങ’ളായി ഉയർത്തും. കൂടാതെ, ടൂറിസം വകുപ്പിെൻറ വെബ് സൈറ്റിൽ ഇത്തരം ഹോട്ടലുകളുടെ വിവരങ്ങൾ രേഖപ്പെടുത്തും. ഇവർക്ക് സപ്ലൈകോയിൽനിന്ന് സബ്സിഡി നിരക്കിൽ സാധനങ്ങളും ഹോട്ടികോർപ് വഴി പച്ചക്കറിയും വിതരണം ചെയ്യും. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം എന്നിവയുമായി ബന്ധപ്പെട്ട് സബ്സിഡി നിരക്കിൽ പാചകവാതകം ഉറപ്പു വരുത്തുന്നതിന് ശ്രമങ്ങൾ നടന്നുവരുകയാണ്. ഇതിനെല്ലാമായി ഇൗ വർഷം 70 ലക്ഷമാണ് ബജറ്റിൽ നീക്കിെവച്ചിരിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സാമൂഹികക്ഷേമ വകുപ്പ്, ജനപ്രതിനിധികൾ എന്നിവരിലൂടെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ആശാവർക്കർമാരുടെ സഹായത്തോടെ വിവരസമാഹരണം നടത്തും. തുടർന്ന് അർഹരായവർക്ക് ടോക്കൺ നൽകും. ഈ ടോക്കണുമായി ബന്ധപ്പെട്ട ഹോട്ടലുകളിൽ ചെന്നാൽ ഭക്ഷണം സൗജന്യമായി ലഭിക്കും. പട്ടികജാതി-വർഗക്കാർ, ഭിന്നലിംഗക്കാർ, ആരും നോക്കാനില്ലാത്തവർ, വൃദ്ധർ തുടങ്ങിയവർ സൗജന്യ പട്ടികയിൽ ഉൾപ്പെടുമെന്നാണ് വിവരം. കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യം പ്രത്യേക സമിതി തീരുമാനിക്കും. ഭക്ഷണവിതരണം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നറിയാൻ ജില്ല അടിസ്ഥാനത്തിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ മോണിറ്ററിങ് സെല്ലും പ്രവർത്തിക്കും.
ഹോട്ടലുകളിലെ വില നിയന്ത്രണം അപ്രായോഗികം–നിയമവകുപ്പ്
തിരുവനന്തപുരം: ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാൻ സർക്കാറിന് കഴിയില്ലെന്ന് നിയമവകുപ്പ്. ഭക്ഷണ വിലനിയന്ത്രിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന കേരള ഹോട്ടലുകൾ (ഭക്ഷണവില ക്രമീകരണം) എന്ന ബില്ല് പരിശോധിച്ച് ഭക്ഷ്യവകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് വിലനിയന്ത്രണം അപ്രായോഗികമാണെന്ന പരാമർശമുള്ളത്. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, അളവ്, അടിസ്ഥാന സൗകര്യങ്ങൾ, നൽകുന്ന സേവനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഒരേ തരത്തിെല ഭക്ഷണ സാധനങ്ങൾക്ക് ഹോട്ടലുകളിൽ വിവിധ തരത്തിെല വില ഈടാക്കുന്നത്. തട്ടുകട മുതൽ ഫൈവ് സ്റ്റാർ ഹോട്ടൽ വരെ പ്രവർത്തിക്കുന്ന കേരളത്തിൽ ഇത്തരത്തിെല വില ഏകീകരണത്തിന് നിയമസാധുതയില്ലെന്നും നിയമവകുപ്പ് അറിയിച്ചു. അതേസമയം, ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക ഉറപ്പായും പ്രദർശിപ്പിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടിയെടുക്കാമെന്നും ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.