‘എല്ലാ വിദ്യാർഥികൾക്കും സൗകര്യമൊരുക്കും വരെ  ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണം’

കോഴിക്കോട്​: എല്ലാ വിദ്യാർഥികൾക്കും സൗകര്യമൊരുക്കും വരെ  ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്ന് സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിൻെറ പേരിൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്​ത സംഭവത്തിൽ അതിയായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. 

കോവിഡാനന്തര സാമൂഹിക ക്രമത്തിൽ സാമൂഹിക വിഭവങ്ങളുടെ വിതരണത്തിൽ സാമൂഹ്യനീതിയും അവസര സമത്വവും ഉറപ്പ് വരുത്താൻ അധികാരികൾ ശ്രദ്ധ നൽകണം. 2.61 ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ അപ്രാപ്യമാണെന്ന  എസ്.എസ്.എയുടെ കണക്കും ഈ അവസരനിഷേധം സൃഷ്​ടിക്കുന്ന അപകടങ്ങളെകുറിച്ച സാമൂഹിക - രാഷ്ട്രീയ രംഗത്തുള്ളവരുടെയും വിദ്യാർത്ഥി സംഘടനകളുടെയും മുന്നറിയിപ്പുകളെ മുഖവിലക്കെടുക്കാതെയുമാണ് സംസ്ഥാന സർക്കാർ ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ടുപോയത്. 

സാർവത്രിക സൗജന്യ നിർബന്ധിത വിദ്യാഭ്യാസം മൗലിക അവകാശമായ ഒരു രാജ്യത്ത് ഇപ്പോഴും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പ്രദേശങ്ങളും സമുദായങ്ങളും ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. ദലിത്, ആദിവാസി, തീരദേശ, പിന്നാക്ക ജനവിഭാഗങ്ങളെ സാമൂഹികമായും പ്രാദേശികമായും രാഷ്ട്രീയമായും പുറന്തള്ളിക്കൊണ്ടാണ് നമ്പർ വൺ കേരളത്തെ കുറിച്ച ആഘോഷങ്ങളും അവകാശ വാദങ്ങളും നടക്കുന്നത്. 

'പരിഷ്​കരണ നടപടിക'ളിലൂടെ തീരദേശങ്ങളിലും മലയോരപ്രദേശങ്ങളിലും കോളനികളിലും താമസിക്കുന്ന ജനവിഭാഗങ്ങളെ സർക്കാർ സംവിധാനങ്ങളിൽനിന്ന് പുറന്തള്ളുക എന്നത് വ്യത്യസ്​ത സർക്കാറുകൾ നിരന്തരം ചെയ്​തുപോരുന്നതാണ്. നിരന്തരമായ അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാഭ്യാസ അവസരം പോലും നഷ്​ടപ്പെടുന്ന അവസ്ഥ ഇതുമൂലം സൃഷ്​ടിക്കപ്പെട്ടു.  

എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമായ പരിഷ്​കാരങ്ങളാണ് ആവിഷ്​കരിക്കപ്പെടേണ്ടത്. വിഭവങ്ങളുടെ വിതരണത്തിലെ അസമത്വം പരിഹരിക്കാതെ സാമൂഹിക നീതി ഉറപ്പുവരുത്തുക സാധ്യമല്ല. ഇതിൽ വരുത്തിയ വീഴ്ചയാണ് ദേവികയുടെ 'വ്യവസ്ഥാപിത കൊലപാതകത്തിൽ' കലാശിച്ചത്. പ്രാദേശികമായും സാമുദായികമായും പിന്നാക്കം നിൽക്കുന്ന സാമൂഹിക ജനവിഭാഗങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും തുല്യതയും അവസര സമത്വവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്നത് വരെ സംസ്ഥാനത്തെ മുഴുവൻ ഓൺലൈൻ ക്ലാസുകളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നു. 

പ്രസ്താവനയിൽ ഒപ്പുവെച്ചവർ: ഗ്രോ വാസു, ജെ. ദേവിക, കെ അംബുജാക്ഷൻ, ഹമീദ് വാണിയമ്പലം, കെ.കെ. കൊച്ച്, കെ.കെ. രമ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, ടി. പീറ്റർ,  ജെ സുധാകരൻ, സോയ ജോസഫ്, സി.കെ. അബ്​ദുൽ അസീസ്, കെ.കെ. ബാബുരാജ്,  സജി കൊല്ലം,  പി.എം. വിനോദ്,  ജബീന ഇർഷാദ്, ജോളി ചിറയത്ത്, ഗോമതി,  മാഗ്ലിൻ ഫിലോമിന,  ഡോ. നാരായണൻ എം ശങ്കരൻ,  അജയ് കുമാർ,  ഷംസീർ ഇബ്‌റാഹീം,  വിനീത വിജയൻ, ലാലി പി.എം, വർഷ ബഷീർ,  ഡോ. എ.കെ വാസു, മായാ പ്രമോദ്, ലീല സന്തോഷ്, അനൂപ് വി.ആർ, നഹാസ് മാള, സുദീപ് കെ.എസ്, ഡോ. ധന്യ മാധവ്,  അഭിജിത് കല്ലറ, അലീന ആകാശമിഠായി, എ.എസ് അജിത്കുമാർ, മൃദുലാദേവി ശശിധരൻ, അംബിക മറുവാക്ക്, സാലിഹ് കോട്ടപ്പള്ളി, ഒ.കെ. സന്തോഷ്, മൃദുല ഭവാനി, കെ. സന്തോഷ് കുമാർ, അഫീദ അഹ്മദ്, ബാബുരാജ് ഭഗവതി, സാദിഖ് മമ്പാട്,  ഒ.പി രവീന്ദ്രൻ,  ജെയിൻസി ജോൺ, ശ്രുതീഷ് കണ്ണാടി, ആനന്ദൻ പൈതലൻ, ബിന്ദു അമ്മിണി, ദിനു വെയിൽ, നോയൽ മറിയം ജോർജ്, ജാനകി രാവൺ.

Tags:    
News Summary - online classes in kerala should stop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.