കണ്ണൂർ: ഓൺലൈൻ വഴി ജോലിക്കാരെയും ജോലിയും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ ജില്ലയിൽ രണ്ടുസംഭവങ്ങളിലായി 85,000 രൂപയിലധികം നഷ്ടമായി.
സ്ഥാപനത്തിലേക്ക് ജോലിക്കാരെ വാഗ്ദാനം ചെയ്ത് കക്കാട് സ്വദേശിയിൽനിന്ന് 80,000 രൂപയാണ് തട്ടിയെടുത്തത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ നൽകാമെന്നുപറഞ്ഞ് പല തവണകളായാണ് ഇത്രയും തുക കൈപ്പറ്റിയത്. പണമോ ജോലിക്കാരെയോ നൽകാതെ വന്നപ്പോഴാണ് യുവാവ് സൈബർ പൊലീസിൽ പരാതി നൽകിയത്. ഓൺലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന ഫേസ്ബുക്ക് പരസ്യം കണ്ട് പണം നൽകിയ പിണറായി സ്വദേശിനിക്ക് 5,555 രൂപയും നഷ്ടമായി.
നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. ഇൻസ്റ്റഗ്രാമിൽ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാൻ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 3783 രൂപയും നഷ്ടമായി. ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ജില്ലയിൽ അടുത്തിടെയായി വിവിധ ഓൺലൈൻ തട്ടിപ്പുകളിലായി ഒന്നരക്കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടത്. സമൂഹ മാധ്യമങ്ങളിൽ കാണുന്ന പരസ്യം കണ്ട് പണമിരട്ടിപ്പ് മോഹിച്ചണ് പലരും ചതിയിൽ പെടുന്നത്.
ഒ.ടി.പി പോലുള്ള രഹസ്യഅക്കങ്ങൾ ഒരു ബാങ്കും ഫോൺ വഴി ചോദിക്കാറില്ലെന്ന് ബാങ്കുകൾ ഉൾപ്പെടെ പരസ്യം നൽകിയാലും പലരും തട്ടിപ്പിൽപെടുന്നു. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യകയോ വേണമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.