തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന പാദം സംസ്ഥാനത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത് 1838 കോടി രൂപ മാത്രം. മൂന്നു മാസത്തേക്ക് 7437.61 കോടി കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതിൽ 5600 കോടിക്ക് അംഗീകാരം ലഭിച്ചില്ല. ഇതു വാർഷിക പദ്ധതി പ്രവർത്തനങ്ങളെ അടക്കം ബാധിക്കും. ക്ഷേമ പെൻഷൻ കുടിശ്ശിക അടക്കം വലിയ ബാധ്യതകൾ കൊടുത്തുതീർക്കാനുമുണ്ട്. ഇതിനു വലിയ തുക കണ്ടെത്തണം.
ഈ വർഷം 45,689. 61 കോടി കടമെടുക്കാനും ഇതിൽ 32,442 കോടി പൊതു വിപണിയിൽനിന്ന് എടുക്കാമെന്നും കേന്ദ്രം സമ്മതിച്ചിരുന്നതായി ധനവകുപ്പ് പറയുന്നു. 14,400 കോടിയുടെ കടം നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പെടെ സ്രോതസ്സുകളിൽനിന്നാണ്. ഡിസംബർ വരെ പൊതുവിപണിയിൽനിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിന് അനുമതി ലഭിച്ചു. അവസാന പാദത്തിൽ 1838 കോടിക്ക് മാത്രമാണ് അനുമതി.
കടമെടുക്കാൻ കഴിയാതെ വരുന്നതോടെ സർക്കാറിന്റെ സാമ്പത്തിക നടപടികൾക്ക് പ്രയാസം വരും. ബില്ലുകളിൽ പണം നൽകുന്നതിന് പ്രയാസം നേരിടും. ബജറ്റിൽ അനുവദിച്ച പദ്ധതികൾ നടപ്പാക്കൽ ഘട്ടത്തിലാണ്. വാർഷിക പദ്ധതി 49 ശതമാനമേ ആയിട്ടുള്ളൂ. ട്രഷറി നിയന്ത്രണം കർശനമായി തുടരുകയാണ്. കരാറുകാർക്കടക്കം വൻതുക കൊടുക്കാനുണ്ട്. സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ വകുപ്പുകളിൽനിന്ന് ബില്ലുകൾ കൂട്ടത്തോടെ ധനവകുപ്പിലും ട്രഷറികളിലുമെത്തും. ഇതിനു പണം കണ്ടെത്തൽ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.