തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധികളിൽ നിയമസഭ ഭൂരിപക്ഷം നോക്കി തീരുമാനമെടുക്കുമോയെന്നും ഇൗ വ്യവസ്ഥ വിചിത്രവും വികലവുമെന്നും പ്രതിപക്ഷം. ലോകായുക്ത നിയമ ദേഭഗതി ചർച്ചക്കിടയിലാണ് പ്രതിപക്ഷം മൂർച്ചയേറിയ ആരോപണങ്ങളുന്നയിച്ചത്.
ലോകായുക്ത കണ്ടെത്തലിൽ നിയമസഭയിലെ ഭൂരിപക്ഷം നോക്കി തീരുമാനമെടുക്കുകയെന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിലെ ഭൂരിപക്ഷമുള്ള കക്ഷിയുടെ തലവനാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന ലോകായുക്ത കണ്ടെത്തലിൽ നിയമസഭയിൽ എന്തെങ്കിലും നടപടിയുണ്ടാകുമോ. 140 പേരും ജഡ്ജിമാരാകണമെന്നാണോ നിയമമന്ത്രി പറയുന്നത്. തന്റെ മന്ത്രിസഭയിലെ ഏതെങ്കിലും അംഗം അഴിമതിക്കാരനാണെന്ന് മുഖ്യമന്ത്രി പറയുമോയെന്നും സതീശൻ ചോദിച്ചു.
• മുഖ്യമന്ത്രിക്കെതിരായ വിധികളിലെ തീരുമാനം നിയമസഭക്ക് നൽകിയതോടെ, ലോകായുക്ത വിധികളിലെ തീരുമാനം ഫലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും എടുക്കുന്നതിന് തുല്യമായിരിക്കും. നിയമഭേദഗതിയോടെ ലോകായുക്തയില്ലാതായി. കേവലം ഉപദേശക സമിതിയായി മാറി.
• ലോക്പാൽ നിയമത്തിനും സങ്കൽപത്തിനുമെതിരാണ് നിയമഭേദഗതി. ലോകായുക്തയെ ലോക്പാലിന് തുല്യമാക്കിയെന്നത് ശരിയല്ല. ലോക്പാൽ കണ്ടെത്തൽ പാർലിമെന്റിന് അയച്ചുകൊടുക്കാമെന്നേ പറയുന്നുള്ളൂ. അല്ലാതെ, ലോക്പാൽ തീരുമാനം നിർണയിക്കാനുള്ള അപ്പലറ്റ് അതോറിറ്റിയായുള്ള അധികാരം പാർലിമെന്റിന് നൽകിയിട്ടില്ല. ലോക്പാലിന് പ്രത്യേക കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയുണ്ട്.
• അർധ ജുഡീഷ്യൽ അധികാരമുള്ള സ്ഥാപനമാണ് ലോകായുക്ത. എന്നാൽ, ലോകായുക്തയെ എക്സിക്യൂട്ടിവ് സംവിധാനമാക്കി മാറ്റി. അഴിമതി വിരുദ്ധ സംവിധാനത്തെ ഇല്ലാതാക്കി. ലോകായുക്ത നിയമത്തിന്റെ ഹൃദയമാണ് വകുപ്പ് 14. നിയമഭേദഗതിയിലുടെ ഹൃദയം കവർന്നെടുത്തിരിക്കുന്നു.
• ലോകായുക്തയുടെ വിധി സ്വീകരിക്കാനോ നിരസിക്കാനോ എക്സിക്യൂട്ടിവിന് കഴിയുമെന്നതാണ് പ്രധാന ഭേദഗതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.