പമ്പാവാലി-എയ്ഞ്ചൽ വാലി പ്രദേശത്ത് പുതിയ പട്ടയം നൽകാൻ ഉത്തരവ്

തിരുവനന്തപുരം : കോട്ടയം ജില്ലയിലെ പമ്പാവാലി-എയ്ഞ്ചൽ വാലി പ്രദേശത്ത് പുതിയ പട്ടയം നൽകാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ, പമ്പാവാലി- എയ്ഞ്ചൽ വാലി പ്രദേശത്ത് 2016-ലെ ഉത്തരവ് പ്രകാരം തയാറാക്കി വിതരണം ചെയ്തതും അല്ലാത്തതുമായി എല്ലാ പട്ടയങ്ങളും നേരത്തെ റദ്ദു ചെയ്തിരുന്നു.

പട്ടയം റദ്ദുചെയ്തതിനെതിരെ ഒരാൾ ഹൈകോടതിയിൽ  കേസ് ( ഡബ്ല്യു.പി(സി) 2037/2023) ഫയൽ ചെയ്തിരുന്നു. ആ കക്ഷിയുടെ പട്ടയങ്ങൾ ഒഴികെയുള്ള എല്ലാവരുടെയും പട്ടയ നടപടികൾ പൂർത്തീകരിച്ച് പുതിയ പട്ടയം നൽകുന്നതിനുള്ള അനുമതി നൽകിയത്. ഇക്കാര്യത്തിലുള്ള നിയമാനുസൃത നടപടികൾ കോട്ടയം കലക്ടർ സ്വീകരിക്കണമെന്നാണ് ഉത്തരവിലെ നിർദേശം.

കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെടുന്ന പമ്പാവാലി-എയ്ഞ്ചൽ വാലി പ്രദേശത്തെ 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈവശമുള്ളതും സംയുക്ത പരിശോധന കഴിഞ്ഞതുമായ 502 ഹെക്ടർ ഭൂമി നിലവിൽ കൈവശം വച്ചിരിക്കുന്ന 904 പേരുണ്ട്. ഇവർക്ക് 1964-ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം വിനിയോഗിച്ച് പട്ടയം അനുവദിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെ 2015ൽ ചുമതലപ്പെടുത്തിയിരുന്നു.

 


എരുമേലി തെക്ക് വില്ലേജിലെ 13 മുതൽ 63 വരെയുള്ള സർവേ നമ്പറുകൾ നിലവിൽ കോട്ടയം ജില്ലയിൽ ഉൾപ്പെട്ടതാണ്. എന്നാൽ, ഇടുക്കി പത്തനംതിട്ട ജില്ലകളിൽ പെട്ടിരുന്നതും പിന്നീട് കോട്ടയം ജില്ലയിൽ ഉൾപ്പെടുത്തിയതുമായ 64 മുതൽ 236 വരെയുള്ള സർവേ നമ്പരുകളിൽ പെട്ട ഭൂമി പഴയ സർവേ നമ്പരുകൾ കൃത്യതയില്ല. അതിനാൽ റീസർവേ പ്രകാരം പട്ടയം നൽകി റീസർവേ രേഖകളിൽ പട്ടയ പ്രകാരമുള്ള മാറ്റങ്ങൾ വരുത്തണമെന്ന് കോട്ടയം കലക്ടർ 2022 ഡിസംബറിൽ റിപ്പോർട്ട് നൽകിയിരുന്നു. റിസർവേ നമ്പർ പ്രകാരം പട്ടയം അനുവദിക്കാമെന്ന് ലാൻഡ് റവന്യൂ കമീഷണർ ശുപാർശയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ലാൻഡ് റവന്യൂ കമീഷണർക്ക് റവലന്യൂ വകുപ്പ് നിർദേശം നൽകി. നേരത്തെ പട്ടയം നൽകിയ വ്യക്തിയുടെ കൈവശം ഇരിക്കുന്ന ഭൂമി ഇപ്പോൾ അവരുടെ മക്കളുടെ പേരിലോ കൈമാറികിട്ടിയ വ്യക്തിയുടെ പേരിലോ വീതിച്ച്, നൽകിയിരുന്നു. ചിലർ ഭൂമി വിൽക്കുകയും ചെയ്തു.

അതിനാൽ നിലവിലുള്ള കൈവശം കണക്കാക്കിയാണ് സർവേ സ്കെച്ച് തയാറാക്കിയത്. എന്നാൽ സ്ഥലത്തിന് രണ്ട് പട്ടയം നൽകാൻ സാധിക്കാത്തതിനാൽ ആദ്യ കൈവശക്കാരന്റെ പട്ടയം റദ്ദ് ചെയ്ത് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. അതിൽ ആക്ഷേപം ഉണ്ടെങ്കിൽ അത് പരിഹരിച്ച് നിലവിലെ കൈവശക്കാർക്ക് പുതിയ പട്ടയം നൽകാനാണ് തീരുമാനം. 

Tags:    
News Summary - Order to grant new title to Pambavali-Angel Valley area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.