തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന മാഫിയാസംഘം സജീവമാണെന്നും സര്‍ക്കാറിെൻറ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ക്രൈംബ്രാഞ്ച് റിേപ്പാർട്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്നും റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിരവധിപേർ തട്ടിപ്പിന് ഇരയായെന്നും ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് തൃശൂർ ജില്ല എസ്.പി സുദര്‍ശനാണ് അന്വേഷണച്ചുമതല. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്തുന്ന ചില സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവയുടെ വ്യക്തമായ വിവരങ്ങൾ ൈക്രംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ലോബി പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോർട്ടിലെ സൂചന. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സ്വാധീനിച്ചാണ് സംഘം പ്രവർത്തിക്കുന്നത്.
തൃശൂർ കൊടുങ്ങല്ലൂര്‍ ഭാഗത്തെ ചില നിർധനർ ഇത്തരത്തിലുള്ള ഏജൻറുമാരുടെ ചതിയിൽപെട്ടു. അവരുടെ അവയവം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ തുക നൽകിയാണ് ആളുകളിൽനിന്ന് അവയവങ്ങൾ എടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരില്‍നിന്ന് സര്‍ക്കാര്‍ പദ്ധതിക്കെന്ന് പറഞ്ഞ് സമ്മതപത്രം ഒപ്പിട്ട് വാങ്ങിയാണ് തട്ടിപ്പ്. ആരാണ് ഇത് നടത്തിയതെന്നോ ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നോ റിപ്പോര്‍ട്ടിൽ വിശദീകരിക്കുന്നില്ല.
സംസ്ഥാനത്തെ അവയവദാന മാഫിയയെക്കുറിച്ച് 'മാധ്യമം' നേരത്തേ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചു നടന്ന പല സംഭവങ്ങളും പുറത്തുകൊണ്ടുവരുകയും ചെയ്തു.
സംസ്ഥാന സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്ന അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി. കേരള നെറ്റ്വർക് ഓഫ് ഓർഗൻ ഷെയറിങ്ങാണ് പദ്ധതി നടപ്പാക്കുന്നത്. മൃതസഞ്ജീവനി വഴി പേര് രജിസ്റ്റർ ചെയ്താണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുക.
ആശുപത്രികളാണ് പദ്ധതിയിൽ രോഗിയുടെ പേര് രജിസ്റ്റർ ചെയ്യുക. മസ്തിഷ്ക മരണം സ്ഥിരീകരിച്ചാൽ ആർക്കാണ് അവയവം നൽകേണ്ടത് എന്ന് തീരുമാനിക്കുന്നത് രജിസ്റ്റർ ചെയ്ത രോഗികളുടെ അവസ്ഥ പരിഗണിച്ച്, കേരള നെറ്റ്വർക് ഓഫ് ഓർഗൻ ഷെയറിങ്ങിെൻറ സംസ്ഥാനതല സമിതിയാണ്. തുടർന്ന്, രോഗിയെ പ്രവേശിപ്പിച്ച ആശുപത്രിയുമായി ബന്ധപ്പെട്ട് അവയവ ദാന നടപടികളുമായി മുന്നോട്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.