കൊച്ചി: സംഘടന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അനന്തമായി നീണ്ടതോടെ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തനം നിർജീവമായി. പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ പ്രവർത്തിക്കേണ്ട സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ അഡ്ഹോക് കമ്മിറ്റികളുടെയും പ്രവർത്തനം നിലച്ചു. ഇതോടെ പ്രതിപക്ഷത്തെ പ്രധാന യുവജന സംഘടന കടുത്ത പ്രതിസന്ധിയിലായി. സംസ്ഥാന സർക്കാറിനെതിരെയുള്ള പ്രതിഷേധ പരിപാടികളും ഏറ്റെടുക്കാനാളില്ലാത്ത അവസ്ഥയാണ്.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ സി.പി.എമ്മും യുവജന സംഘടനകളും വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമ്പോൾ യൂത്ത് കോൺഗ്രസ് ചിത്രത്തിലേ ഇല്ല. മേയ് 26ന് നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് യൂത്ത് കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. ജൂണിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് ജൂലൈയിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പിന് സ്റ്റേ വാങ്ങിയതോടെ പ്രതിസന്ധി തുടങ്ങി.
ഇതിനെ മറികടന്നെങ്കിലും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണം വീണ്ടും നടപടികൾ വൈകിപ്പിച്ചു. പിന്നാലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വന്നു. നിലവിലെ ഭരവാഹികൾ നിർജീവമായതിനൊപ്പം പുതിയ ഭാരവാഹി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത് പ്രവർത്തകരിലും അതൃപ്തി വളർത്തിയിട്ടുണ്ട്.
ഇതേസമയം നടപടിക്രമങ്ങളുടെ ഭാഗമായ സൂക്ഷ്മ പരിശോധന മൂലമാണ് ഭാരവാഹി പ്രഖ്യാപനം നീളുന്നതെന്നാണ് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം. മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് യൂത്ത്കോൺഗ്രസ് പുതിയ ഭാരവാഹികളെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.