സഭാതര്‍ക്കം തീർക്കാൻ നിയമനിര്‍മാണം: സർക്കാറിനെതിരെ ഓര്‍ത്തഡോക്‌സ് സഭ; പള്ളികളില്‍ നാളെ പ്രതിഷേധ ദിനം

കോട്ടയം: സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാർ നീക്കത്തിനെതിരെ കടുത്ത നിലപാടുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. സമരത്തിന്‍റെ തുടക്കമെന്ന നിലയില്‍ ഞായറാഴ്ച കുര്‍ബാനക്കു ശേഷം സഭയുടെ എല്ലാ പള്ളികളിലും പ്രതിഷേധദിനം ആചരിക്കും. തിങ്കളാഴ്ച സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും തിരുവനന്തപുരത്ത് പ്രാര്‍ഥനായജ്ഞം നടത്തും. എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സഭാ നേതൃത്വം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സുപ്രീംകോടതി വിധി അട്ടിമറിക്കാൻ നീക്കം നടത്തുന്നത് ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ല. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. ഒരു വിശ്വാസിക്കുപോലും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കാതിരിക്കെ, ആരാധനാസ്വാതന്ത്ര്യം ഒരു വിഭാഗത്തിനും ഉടമസ്ഥതാവകാശം മറ്റൊരു വിഭാഗത്തിനുമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്താന്‍ ഇടതുമുന്നണി അംഗീകാരം നല്‍കിയത് പള്ളികളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണോയെന്ന് സംശയിക്കണം. പ്രശ്‌നം കൂടുതല്‍ വഷളാകാനേ ബില്‍ ഉപകരിക്കൂ. ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുമെന്നാണ് പ്രതീക്ഷ.

സര്‍ക്കാര്‍ പിന്തിരിയാത്തപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നതടക്കം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സഭാ നേതൃത്വം അറിയിച്ചു. സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് ആമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ്, സഭ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

ഇടതുമുന്നണി തീരുമാനം സ്വാഗതാർഹം -യാക്കോബായ സഭ

കോലഞ്ചേരി: യാക്കോബായ-ഓർത്തഡോക്‌സ് സഭ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് യാക്കോബായ സഭ. പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന വർക്കിങ് കമ്മിറ്റി യോഗമാണ് സർക്കാർ നീക്കത്തെ സ്വാഗതം ചെയ്തത്.

സഭ തർക്കം പരിഹരിക്കാൻ നിയമ നിർമാണത്തിന് സർക്കാറിനോട് ശിപാർശ ചെയ്ത ഇടതുമുന്നണിയുടെ നിലപാട് ജനാധിപത്യ സംരക്ഷണത്തിലൂന്നിയുള്ള ശക്തമായ തീരുമാനമാണ്. മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കും ഇക്കാര്യത്തിൽ എല്ലാ പിന്തുണയും യാക്കോബായ സഭ വർക്കിങ് കമ്മിറ്റി ഉറപ്പുനൽകി.

Tags:    
News Summary - Orthodox yacoba replay church disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.