തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിലനിർണയ അതോറിറ്റി രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പി. തിലോത്തമൻ അറിയിച്ചു. പി.സി. ജോർജിെൻറ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സർക്കാറിെൻറ ഇടപെടൽ വഴി അരിയുടെ വില നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ആന്ധ്രയിൽ കൊയ്ത്തുകാലം ആരംഭിച്ചതിനാൽ അരിവിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. പലവ്യഞ്ജന വിലയിൽ കുറവുണ്ടായി. എന്നാൽ, വെളിെച്ചണ്ണയുടെയും പഞ്ചസാരയുടെയും പച്ചക്കറികളുടെയും വിലയിൽ വർധനയുണ്ടായിട്ടുണ്ട്. കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിയമം ശക്തമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കർഷക പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് മന്ത്രിമാരായ ഡോ. തോമസ് െഎസക്കും വി.എസ് സുനിൽകുമാറും അറിയിച്ചു. കർഷകക്ഷേമ നിധിക്ക് സ്കീം ഇല്ലാത്തതിനാൽ പെൻഷന് അർഹതയുള്ളവരുടെ കാര്യത്തിൽ ഉൾപ്പെടെ നിലവിൽ അവ്യക്തതയുണ്ട്. അതു പരിഹരിക്കുന്നതിന് എത്രയുംവേഗം സ്കീം അവതരിപ്പിക്കുമെന്നും മോൻസ് ജോസഫിെൻറ സബ്മിഷന് മന്ത്രി തോമസ് െഎസക് മറുപടി നൽകി.
വടകര കാരാട്ടുപുഴയിൽ 21 സെൻറ് സ്ഥലം കൈയേറി മണ്ണിട്ടുനികത്തിയെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ വടകര മുനിസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. ഇതു സമീപകാല കൈയേറ്റമല്ല. വേലിയേറ്റ സമയത്ത് പുഴയും വേലിയിറക്ക സമയത്ത് കരയുമാകുന്ന സ്ഥലമാണിത്. അവിടെ ഒരുകെട്ടിടവും ക്ലബിെൻറ ബോർഡും ഏഴു വർഷം പ്രായമായ തെങ്ങുകളും ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു.
പൊന്മുടിയുടെ വിനോദസഞ്ചാര സാധ്യത പൂർണമായും പ്രയോജനപ്പെടുത്തുമെന്ന് ഡി.കെ. മുരളിയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിവിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഉൾപ്പെടെ ഫണ്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറിയെന്നും മന്ത്രി പറഞ്ഞു.അടൂർ കേന്ദ്രീകരിച്ച് പുതിയ വിദ്യാഭ്യാസജില്ല രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഒരു നിർദേശവും ഇപ്പോൾ സർക്കാറിെൻറ പരിഗണനയിൽ ഇല്ലെന്ന് ചിറ്റയം ഗോപകുമാറിനെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മുൻ വനിതാഅംഗത്തെ പഞ്ചായത്ത് മുൻ പ്രസിഡൻറും നിലവിൽ അംഗവുമായ ലീഗ് നേതാവും സുഹൃത്തും പീഡിപ്പിച്ച കേസിൽ പ്രത്യേക ടീമിെൻറ അന്വേഷണം പരിഗണനയിലാണെന്ന് എ.എൻ. ഷംസീറിെൻറ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പഞ്ചായത്ത് ഹാളിൽ െവച്ച് പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രീകരിച്ചത് കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പല തവണ പീഡിപ്പിച്ചെന്നും വനിതാ അംഗവുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചാരണം നടത്തിയെന്നുമാണ് പരാതി. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. മൊബൈൽ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. രണ്ടാം പ്രതിയെ പിടിക്കാൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.