പൊക്കാളി സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നെൽ കർഷകർ പ്രതിഷേധം നടത്തി

കൊച്ചി : ചെല്ലാനം മറുവക്കാട് പാടശേഖരത്തിൽ വിളവെടുപ്പിന് പാകമായ കൊണ്ടിരിക്കുന്ന പൊക്കാളി നെൽകൃഷിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നെൽ കർഷകർ കൃഷിഭവൻ മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. വി ഫോർ പീപ്പിൾ സംസ്ഥാന പ്രസിഡന്റ് നിപുണ്‍ ചെറിയാൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. 2021 നവംബർ മുതൽ 2022 ഏപ്രിൽ വരെയുള്ള കാലയളവില്‍ ലൈസൻസ് ഇല്ലാതെ, അനധികൃതമായി ചെമ്മീന്‍ വാറ്റ് നടത്തി വന്ന പാടശേഖര സമിതിയുടെയും ചാൽ കോൺട്റാക്റ്ററുടെയും നിയമ വിരുദ്ധ പ്രവര്‍ത്തികൾ ഒത്താശ ചെയ്യുകയാണ് ഭരണ സംവിധാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കൃഷിക്കായി പാടശേഖരത്തില്‍ വെള്ളം വറ്റിക്കുന്നത് വൈകിപ്പിച്ചു.

261 ഏക്കർ കൃഷിയോഗ്യമായ നെൽവയലുകളുള്ള മർവാക്കാട് പാടശേഖരത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെയായി പാടശേഖരത്തിന്റെ ഭാരവാഹികൾ കാർഷിക കലണ്ടർ അട്ടിമറിച്ചു. നെൽകൃഷി വിജയകരമായി ചെയ്യുന്നത് സമ്പൂർണമായി തടഞ്ഞിരിക്കുകയാണ്. നെൽ കർഷകർ ഹൈക്കോടതി സമീപിച്ചതിനെ തുടർന്ന് മാത്രമാണ് ഈ വർഷം അനുഷ്ഠാനം പോലെ105 ഏക്കറിൽ നെൽകൃഷിക്ക് മുതിർന്നത്. ഈ വയലുകളിലെ നെൽകൃഷി സമ്പൂർണമായി നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം മുൻസിഫ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ കോടതി സമക്ഷം ഹാജരാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കർഷക വിരുദ്ധ നിലപാട് മറച്ചുവെക്കുവാൻ വേണ്ടി മാത്രമാണ് വിളവ് സമ്പൂർണമായി നശിച്ച വയലുകളിൽ കൊയ്ത്തുത്സവത്തിന് മന്ത്രിയെ ക്ഷണിച്ചത്. പാടശേഖരത്തിനുള്ളിൽ ഇനിയും വിളവെടുപ്പ് പൂർത്തിയാകാത്ത വയലുകളിലെ നെൽകൃഷിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധവുമായി കൃഷിഭവന്റെ മുന്നിലെത്തിയത്.

പാടശേഖരത്തിന്റെ ഭാരവാഹികൾ ശേഷിക്കുന്ന നെൽകൃഷിയും കൂടി ഉപ്പുവെള്ളം കയറ്റി നശിപ്പിച്ച് മത്സ്യകൃഷി ആരംഭിക്കുവാനുള്ള തകൃതമായ നീക്കങ്ങൾക്കിടയിലാണ് ഒരു വിഭാഗം നിലം ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷതവഹിച്ച കൂട്ടായ്മയിൽ പള്ളുരുത്തി ബ്ലോക്ക് മെമ്പർ ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി., പള്ളുരുത്തി ബ്ലോക്ക് മെമ്പർ ഷീബ ജോർജ്ജ് , രതീഷ് ഓമനക്കുട്ടൻ, ആൻറണി മുണ്ടുപറമ്പിൽ, ദീപക് എം സി, മഞ്ചാടിപറമ്പിൽ ചന്തു തുടങ്ങിയവർ സംസാരിച്ചു. കർഷകരുടെ നിവേദനം കൃഷി ഓഫീസർക്ക് നൽകി.

Tags:    
News Summary - Paddy farmers staged a protest demanding protection of Pokali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.