പത്തനംതിട്ട: ശബരിമലയിൽ പൈങ്കുനി ഉത്രം ഉത്സവത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച പമ്പയിൽ ആറാട്ട് നടക്കും. രാവിലെ 11.30നാണ് പമ്പയിലെ ആറാട്ടുകടവിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ അയ്യപ്പസ്വാമിയുടെ ആറാട്ട്. ഉത്സവ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച പള്ളിവേട്ട നടന്നു. ആനപ്പുറത്തായിരുന്നു ശരംകുത്തിയിലേക്ക് ദേവന്റെ എഴുന്നള്ളത്ത്. അമ്പും വില്ലുമായി മുന്നിൽ വേട്ടക്കുറുപ്പ് നീങ്ങി. പള്ളിവേട്ട കഴിഞ്ഞ് അശുദ്ധമായി എന്ന സങ്കൽപത്തിൽ ശ്രീകോവിലിന് പുറത്തായിരുന്നു രാത്രിദേവന്റെ പള്ളിയുറക്കം.
തിങ്കളാഴ്ച രാവിലെ അഞ്ചിന് ശ്രീകോവിലിന് പുറത്താണ് പള്ളിയുണർത്തൽ. അതിനുശേഷം അകത്തേക്ക് എഴുന്നള്ളിച്ച് അഭിഷേകം ആരംഭിക്കും. രാവിലെ ഏഴുവരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. രാവിലെ ഒമ്പതിന് ആറാട്ടിനായി പമ്പയിലേക്ക് തിരിക്കും. പതിനെട്ടാംപടിക്ക് മുന്നിൽ നെറ്റിപ്പട്ടം കെട്ടിനിൽക്കുന്ന ആന തിടമ്പ് ഏറ്റുവാങ്ങുന്നതോടെ ഘോഷയാത്ര തുടങ്ങും. വെളിനല്ലൂർ മണികണ്ഠനാണ് തിടമ്പേറ്റുന്നത്. ആറാട്ട് കഴിഞ്ഞ് സന്ധ്യയോടെയാണ് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുക.
അതുവരെ ദർശനം ഉണ്ടാവില്ല. പമ്പയിൽ ആറാട്ട് കഴിഞ്ഞ് ദേവനെ പമ്പ ഗണപതി കോവിലിൽ എഴുന്നള്ളിച്ച് ഇരുത്തും. മൂന്നുമണിവരെ ഭക്തർക്ക് വഴിപാട് സമർപ്പിക്കാൻ അവസരം ഉണ്ട്. ആറാട്ടിന് കുള്ളാർ അണക്കെട്ട് തുറന്നുവിട്ട് ആവശ്യമായ വെള്ളം പമ്പയിൽ എത്തിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകളും ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.