പമ്പ ഡാം തുറന്നു; ആറു ഷട്ടറുകളിൽ രണ്ടു ഷട്ടറുകൾ ഉയർത്തി

പത്തനംതിട്ട: ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പമ്പ ഡാമിൻെറ രണ്ടു ഷട്ടറുകൾ ഉയർത്തി. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെൻറിമീറ്റർ ഉയരും.

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയാതായി കലക്​ടർ അറിയിച്ചു. റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്താനും നിർദേശം നൽകി.

ഞായറാഴ്​ച ജില്ലയിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. ​റെഡ്​ അലർട്ട്​ നൽകാതെ ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെൻറി മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയായി​. ജലനിരപ്പ് അനുസരിച്ച് രണ്ടു ഷട്ടറുകൾ വീതമാണ് തുറക്കുക.

പമ്പ ഡാമിലെ ജലനിരപ്പ് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിങ്​ പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിൻറ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തിൽ പമ്പയിൽ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്​ടി പ്രദേശത്ത് നിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ വെള്ളമാണ്.

ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽ നിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുന്നതിലൂടെ വലിയതോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.