തിരുവനന്തപുരം: പമ്പ-അച്ചൻകോവിൽ-വൈപ്പാർ നദീസംയോജന പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള തമിഴ്നാട് നീക്കത്തിൽ എതിർപ്പറിയിക്കാതെ മന്ത്രിസഭ യോഗം. കേരളത്തിന്റെ എതിർപ്പിൽ നേരത്തെ തള്ളിയ പദ്ധതി, 17ന് ചേരുന്ന ദേശീയ ജലവികസന ഏജൻസിയുടെ പ്രത്യേക സമിതി അജണ്ടയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിസഭയിൽ ഈ വിഷയമുയർന്നത്.
ഇക്കാര്യത്തിൽ തമിഴ്നാടുമായി ചർച്ച നടത്തുമോയെന്ന് ഒരു മന്ത്രി ചോദിച്ചു. എന്നാൽ, വിഷയം അജണ്ടയിൽ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളവുമായി തമിഴ്നാട് നല്ല ബന്ധമാണ് പുലർത്തുന്നതെന്നും ബന്ധം മോശമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിൽ 2004 ഹെക്ടർ വനഭൂമി വെള്ളത്തിനടിയിലാകുമെന്ന് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനം രാഷ്ട്രീയ എതിർപ്പുയർത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, മുഖ്യമന്ത്രിയുടെ മറുപടിയോടെ കേരളം രാഷ്ട്രീയ എതിർപ്പിലേക്ക് പോകില്ലെന്നാണ് സൂചന. എന്നാൽ, പദ്ധതി സംബന്ധിച്ച് ഉദ്യോഗസ്ഥതല ഇടപെടൽ നടത്തിയേക്കും. ഇക്കാര്യം മന്ത്രിസഭയിൽ വന്നതുമില്ല. പമ്പ, അച്ചൻകോവിൽ നദികളിലെ വെള്ളം രണ്ട് അണക്കെട്ടുകളും ടണലുകളും നിർമിച്ച് വൈപ്പാർ നദീതടത്തിലെത്തിക്കുന്ന പദ്ധതിക്കായി തമിഴ്നാട് ഏറെക്കാലമായി സമ്മർദം ചെലുത്തിയിരുന്നെങ്കിലും കേരളത്തിന്റെ എതിർപ്പിനെ തുടർന്നാണ് അംഗീകരിക്കാതിരുന്നത്. ഇരുനദികളിൽ നിന്നും പ്രതിവർഷം 63.4 ഘനമീറ്റർ വെള്ളം തമിഴ്നാട്ടിലെത്തിക്കുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.