തിരുവനന്തപുരം: പമ്പ ത്രിവേണിയിലെ മണലൂറ്റിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. 2018ലെ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിന് കണ്ണൂരിലെ കേരള േക്ലസ് ആൻഡ് സെറാമിക്സ് എന്ന സ്ഥാപനത്തിന് സൗജന്യമായി കരാർ നൽകിയതു വഴി സർക്കാർ ഖജനാവിന് ലഭിക്കേണ്ട പത്തുകോടി രൂപ നഷ്ടമായെന്നാണ് ഹരജിയിലെ ആരോപണം.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ സുപ്രീംകോടതിയുടെ ഭേദഗതി ബാധകമാണ്. എന്നാൽ, കോടതിയിൽ പരാതിക്കാരെൻറ മൊഴിയെടുത്തശേഷം അഴിമതി നിരോധന നിയമപ്രകാരം നിലനിൽക്കുകയാണെങ്കിൽ കോടതിക്ക് നേരിട്ട് കേസെടുക്കാമെന്നായിരുന്നു വിജിലൻസ് നിലപാട്.
ദുരന്തനിവാരണ നിയമത്തിലെ 34 (ഡി) വകുപ്പനുസരിച്ച് മാലിന്യം നീക്കുന്നതിന് കലക്ടർക്ക് കമ്പനിയെ നിയമിക്കാൻ അധികാരമുണ്ട്. ഈ ആവശ്യം ചൂണ്ടിക്കാട്ടി കലക്ടർ 2019 ഫെബ്രുവരി 26ന് കേന്ദ്ര സർക്കാറിൽനിന്ന് അനുവാദം വാങ്ങിയിരുന്നു. എന്നാൽ, പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയത് മാലിന്യമല്ല, മണലാണ്. ഇതുകാരണമാണ് സർക്കാർ ലേലം ചെയ്യാൻ ഇ-ടെൻഡർ വിളിച്ചതെന്നാണ് ഹരജിയിലെ ആരോപണം.
ഒരു ലക്ഷം മെട്രിക് ടൺ മണലും മണ്ണും ഒരു മെട്രിക്കിന് 2777 രൂപ നിശ്ചയിച്ച് ലേലത്തിന് െവച്ചു. തുക അധികമായതിനാൽ കരാർ ആരും ഏറ്റെടുത്തില്ല. ചീഫ് സെക്രട്ടറി ലേലത്തുക ഒരു മെട്രിക്കിന് 1200 രൂപയായി കുറച്ചു. ഇതിനും ആരും തയാറായില്ലെന്ന കാരണം പറഞ്ഞാണ് കലക്ടർ കേരള ക്ലേസ് ആൻഡ് സെറാമിക്സിന് സൗജന്യമായി കരാർ നൽകിയതെന്ന് പരാതിയിൽ പറയുന്നു. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട ജില്ല കലക്ടർ നൂഹ്, കണ്ണൂരിലെ കേരള ക്ലേസ് ആൻഡ് സെറാമിക്സ് എം.ഡി എന്നിവരാണ് എതിർകക്ഷികൾ.
അന്വേഷണം വേണ്ടെന്ന സർക്കാർ ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതി നടപടി. കോടതി നേരിട്ട് അന്വേഷണാനുമതി നൽകുന്നതിൽ സർക്കാർ അനുമതി ആവശ്യമില്ലെന്ന വാദം അംഗീകരിച്ചാണ് 45 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. പൊതുമേഖലാ സ്ഥാപനത്തെ മറയാക്കി സ്വകാര്യവ്യക്തിക്ക് മണൽ കൈമാറാൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രതിപക്ഷനേതാവിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.