ബി.ജെ.പിക്ക് മാനക്കേടായി പന്തളം നഗരസഭ; കൗൺസിലർക്ക് ചെയർപേഴ്സന്‍റെ അസഭ്യവർഷം വൈറലായി

പത്തനംതിട്ട: ബി.ജെ.പിക്ക് മാനക്കേടും ബാധ്യതയുമായി പന്തളം നഗരസഭാ ഭരണം. പിടിപ്പുകേടുകൊണ്ട് തുടരത്തുടരെ വിവാദത്തിൽപെട്ട ഭരണത്തിൽ ഏറ്റവും ഒടുവിൽ നഗരസഭ ചെയർപേഴ്സനും സ്വന്തം പാർട്ടിയിലെ കൗൺസിലറും തമ്മിൽ നടന്ന അസഭ്യവർഷം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയത്.

കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷും ബി.ജെ.പി ജില്ല സെക്രട്ടറി കൂടിയായ കൗൺസിലർ കെ.ബി. പ്രഭയും തമ്മിലുണ്ടായ സംഭാഷണമാണ് സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചത്. ചെവിക്കല്ല് അടിച്ചുപൊട്ടിക്കുമെന്ന് കൗൺസിലറെ ഭീഷണിപ്പെടുത്തുന്ന ചെയർപേഴ്സൻ, അസഭ്യ വർഷത്തിനിടെ കൗൺസിലറുടെ പിതാവിനെയും അധിക്ഷേപിക്കുന്നുണ്ട്.

ചെയർപേഴ്സനെ വെട്ടിലാക്കാൻ കരുതിക്കൂട്ടി ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. പാർട്ടിക്കാരൻ തന്നെയായ മറ്റൊരു കൗൺസിലറാണ് രംഗം ചിത്രീകരിച്ച് ആദ്യം കൗൺസിലർമാരുടെ വാട്സ്ആപ് ഗ്രൂപ്പിലും പിന്നീട് സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്തത്. പദ്ധതി രേഖ സമർപ്പണ ജോലികൾ നടക്കുന്നതിനാൽ ചെയർപേഴ്സൻ കഴിഞ്ഞ ഞായറാഴ്ച ഓഫിസിൽ എത്തിയിരുന്നു. വൈകീട്ട് കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവും എത്തി. ഈ സമയത്തെ ദൃശ്യങ്ങൾ പകർത്തി അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ചതാണ് ചെയർപേഴ്സനെ പ്രകോപിപ്പിച്ചതത്രേ. ഇതുകൂടാതെ, മറ്റ് ചില വനിത കൗൺസിലർമാരുടെ ശരീരഭാഗങ്ങളുടെ ഫോട്ടോ എടുത്തും ഇദ്ദേഹം മുമ്പും ഇതേ രീതിയിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്.

അധ്യക്ഷസ്ഥാനം ജനറൽ ആയ പന്തളത്ത് ആദ്യം ചെയർമാൻ സ്ഥാനത്തേക്ക് പ്രഭയെ പരിഗണിച്ചിരുന്നു. പിന്നീടാണ് പട്ടികജാതിക്കാരിയായ സുശീലയെ തീരുമാനിച്ചത്. അന്ന് മുതൽതന്നെ ഭരണകാര്യങ്ങൾ തടസ്സപ്പെടുത്താൻ ശ്രമം നടത്തുന്നതായാണ് സുശീലയുടെ ആരോപണം.

Tags:    
News Summary - Pandalam Municipal Corporation is a disgrace to BJP; Chairperson's abuse of councilor goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.