വടക്കഞ്ചേരി: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ ഉടൻ പിരിക്കില്ല. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇന്ന് മുതൽ ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്ന് കമ്പനി തൽകാലം പിൻവാങ്ങി.
ഈ വിഷയത്തിൽ സർവകക്ഷി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. അതേസമയം, എം.എൽ.എമാരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടോൾ പിരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ജനകീയ വേദി വ്യക്തമാക്കി.
പ്രദേശവാസികൾ പ്രതിമാസം 340 രൂപയാണ് ടോൾ നൽകേണ്ടി വരിക. പന്നിയങ്കര ടോൾ പ്ലാസ വഴി 50 സ്കൂൾ വാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്. ഈ വാഹനങ്ങളും ടോൾ നൽകണമെന്നാണ് കമ്പനി പറയുന്നത്.
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ തിങ്കളാഴ്ച മുതൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനാണ് ടോൾ കമ്പനി തീരുമാനിച്ചത്. ഇതിന് പിന്നാലെ വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചിരുന്നു.
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂരിലെ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് ഇ മെയിൽ അയച്ചിരുന്നു. പകർപ്പ് കെ. രാധാകൃഷ്ണൻ എം.പിക്കും അയച്ചിട്ടുണ്ട്. ദേശീയപാതയിൽ മറ്റൊരിടത്തും ഇതുപോലൊരു പ്രശ്നം നിലനിൽക്കുന്നില്ല. പന്നിയങ്കരയിൽ മാത്രമുള്ള നടപടി ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.