കൊച്ചി: നഗരത്തിൽ കോർപറേഷന് കീഴിലെ പാർക്കുകൾ ഇനി കോർപറേഷന്റെതന്നെ അക്കാദമിക സ്ഥാപനമായ സി-ഹെഡ് (സെന്റർ ഫോർ ഹെറിറ്റേജ്, എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ്) നോക്കി നടത്തും. പൊതുനയത്തിന്റെ ഭാഗമായി കോർപറേഷൻ കൗൺസിലിലാണ് പ്രഖ്യാപനം നടത്തിയത്.
49ാം ഡിവിഷനായ വൈറ്റിലയിലെ കുന്നറ പാർക്ക് പരിപാലനം സംബന്ധിച്ച അജണ്ട പരിഗണിക്കവേയാണ് മേയർ എം.അനിൽകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണ, പ്രതിപക്ഷാംഗങ്ങൾ ഇതിനെ പിന്തുണച്ചു. കുന്നറ പാർക്ക് പരിപാലനം സ്വകാര്യ കരാറുകാരന് നൽകുന്നത് സംബന്ധിച്ച ഡിവിഷൻ കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സണുമായ സുനിത ഡിക്സന്റെ വാദം മേയർ എതിർക്കുകയായിരുന്നു. മുമ്പ് രണ്ടുതവണ അധിക അജണ്ടയായി വന്നിട്ടും ഇതു പരിഗണിച്ചില്ലെന്നും ടെൻഡർ അംഗീകരിക്കണമെന്നും സുനിത ആവശ്യപ്പെട്ടെങ്കിലും മേയറും ഭരണ,പ്രതിപക്ഷാംഗങ്ങളും എതിർത്തു.
കോർപറേഷന്റെതന്നെ സ്ഥാപനമായ സി-ഹെഡിനെ ഏൽപ്പിക്കാമെന്ന് ചിലർ ആവശ്യപ്പെട്ടു. മേയറും ഇക്കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതോടൊപ്പമാണ് പാർക്കുകളുടെയെല്ലാം പരിപാലനം സി-ഹെഡിനെ ഏൽപ്പിക്കാമെന്ന പൊതുആവശ്യം ഉയർന്നത്. സുനിത ഡിക്സൺ ഇതിനെ എതിർത്തെങ്കിലും പൊതു പാർക്കുകൾ സി-ഹെഡിനെ ഏൽപ്പിക്കണമെന്ന മുൻ കൗൺസിൽ തീരുമാനം പ്രതിപക്ഷാംഗമായ എം.ജി. അരിസ്റ്റോട്ടിൽ ചൂണ്ടിക്കാണിച്ചു. സ്വകാര്യ ഏജൻസിക്ക് പരിപാലനത്തിനു നൽകിയാൽ പ്രതിമാസം ഒമ്പതുലക്ഷം രൂപ നൽകേണ്ടി വരുമെന്നും സി ഹെഡിനാണെങ്കിൽ അഞ്ചു ലക്ഷം മതിയാകുമെന്നും മേയർ വ്യക്തമാക്കി. ഒടുവിൽ സി-ഹെഡിനെ തന്നെ ഏൽപ്പിക്കുകയും 15 ദിവസത്തിനകം പരിപാലന ചുമതല കൈമാറുമെന്ന് അറിയിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.