കാൻസറിന്റെ വേദന പങ്കുവെച്ച പാർലമെന്റ് പ്രസംഗങ്ങൾ

അർബുദത്തിന്റെ പിടിയിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാൻ ഇന്നസെന്റ് മുന്നോട്ടുവെച്ച നിർദേശങ്ങൾ പാർലമെന്റംഗങ്ങൾ ഒന്നടങ്കം കൈയടിച്ച് സ്വീകരിച്ചു. അന്നത്തെ സ്പീക്കർ സുമിത്ര മഹാജൻ പ്രത്യേകം അഭിനന്ദിക്കുകയും ഇന്നസെന്റ് പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലെടുത്ത് സർക്കാർ സാധ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

‘‘കഴിഞ്ഞ വർഷം ഞാനും അർബുദത്തിന്റെ പിടിയിലായി. ശരീരത്തിൽ അഞ്ചിടത്താണ് അർബുദബാധ കണ്ടെത്തിയത്. മെച്ചപ്പെട്ട ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ തന്നെ പരിചരിക്കാൻ ഭാര്യ ആലീസുമുണ്ടായിരുന്നു. എന്റെ ചികിത്സക്കിടെ ഭാര്യയെ വെറുതെ മാമോഗ്രാം പരിശോധനക്ക് വിധേയയാക്കി.

അപ്പോഴാണ് അവർക്കും അർബുദം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞതിനാൽ വേഗത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞു. അർബുദം പ്രാരംഭദശയിൽ തന്നെ കണ്ടെത്താൻ കഴിയണം. അപ്പോൾ കീമോ തെറപ്പി, റേഡിയേഷൻ തുടങ്ങിയ കഠിന ചികിത്സകൾ ഒഴിവാക്കാൻ കഴിയും. രോഗിയുടെ ബുദ്ധിമുട്ടും പണച്ചെലവും കാര്യമായി കുറയും.

പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൊബൈൽ യൂനിറ്റുകൾ ഏർപ്പെടുത്തി അർബുദ രോഗ നിർണയത്തിനുള്ള സംവിധാനം ഏർപ്പെടുത്തണം’’ നിലക്കാത്ത കരഘോഷത്തിനിടെ ഇന്നസെന്റ് പറഞ്ഞുനിർത്തി. രണ്ടാമതും അർബുദ ചികിത്സക്ക് വിധേയമായതിനുശേഷം സഭയിലെത്തി നടത്തിയ പ്രസംഗത്തിൽ ചികിത്സ അനുഭവങ്ങളും ആരോഗ്യ സംവിധാനത്തിലെ പോരായ്മകളും സൂചിപ്പിച്ചതിനൊപ്പം ശക്തമായ രാഷ്ട്രീയ പ്രസ്താവനകളും നടത്തി.

‘വല്ലവന്റെയും അടുക്കളയിൽ കയറി അവർ എന്ത് കഴിക്കുന്നു എന്ന് നോക്കുന്നതിന് പകരം പാവപ്പെട്ട രോഗികളുടെ കണ്ണീർ കാണൂ. അവർക്കായി എന്തെങ്കിലും നല്ലത് ചെയ്യുമെന്ന പ്രതീക്ഷയിലാണ് നമ്മളെ വോട്ടുചെയ്ത് പാർലമെന്റിലേക്ക് അയച്ചത്’ -ഉത്തരേന്ത്യയിലെ ബീഫ് കൊലയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ‘ഏറെ നാളായി സഭയിൽ ഉണ്ടായിരുന്നില്ല. മൂന്നുവർഷത്തിനിടെ രണ്ടുതവണയാണ് അർബുദം ബാധിച്ചത്.

രണ്ടുതവണയും ദൈവം വിളിച്ചിട്ട് പോയില്ല. പാവപ്പെട്ടവർക്ക് വേണ്ടി ഇവിടെനിന്ന് സംസാരിക്കാൻ വേണ്ടിയാകാം ദൈവം തനിക്ക് ഈ രോഗം തന്നത്. പാവപ്പെട്ട രോഗികൾ കൊടും ചൂഷണത്തിന് ഇരയാവുകയാണ്. സർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കരുത്...’ ഇന്നസെന്റിന്റെ മലയാളത്തിലുള്ള പ്രസംഗം പരിഭാഷക്ക് മുമ്പ് തന്നെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സഭാംഗങ്ങൾ സസൂക്ഷ്മം വീക്ഷിച്ചിരുന്നത് ഭാഷക്കപ്പുറം അദ്ദേഹം പറയുന്ന വിഷയത്തിലെ വൈകാരികത കാരണമായിരുന്നു. കാൻസറിനെ രണ്ടുതവണ അതിജീവിച്ചു വന്നയാളോടുള്ള ബഹുമാനവും സഹതാപവും ഭരണപ്രതിപക്ഷ ഭേദമെന്യേ ലഭിച്ചു.

Tags:    
News Summary - Parliamentary speeches sharing the pain of cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.