‘വേശ്യ’ പ്രയോഗത്തിൽ ഖേദവുമായി പി.സി. ജോർജ്: ‘മാഹി കൂടുതൽ സുന്ദരമായി എന്ന് മാത്രമാണ് ഉദ്ദേശിച്ചത്’

കോട്ടയം: 14 വർഷം മുമ്പ് വേശ്യകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നു മാഹിയെന്ന വിവാദ പരാമർശത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

‘പ്രിയ മാഹി നിവാസികളെ,

കഴിഞ്ഞ ദിവസം എന്റെ പ്രസംഗത്തിൽ, ഞാൻ ഉദ്ദേശിച്ചത് മാഹിയിലൂടെ കടന്ന് പോകാൻ കഴിയാത്ത ഒരുകാലഘട്ടം ഉണ്ടായിരുന്നത് ദേശീയ പാതയുടെ വികസനത്തോട് കൂടി അതെല്ലാം മാറി മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ്.

മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’


ജോർജിനെ തള്ളിപ്പറഞ്ഞ് ബി.​ജെ.പിയും

കോഴിക്കോട് ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞത്. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ പാർട്ടി പ്രാദേശിക ഘടകം ജോർജിനെ തള്ളിപ്പറഞ്ഞിരുന്നു.

ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി. ദിനേശൻ പറഞ്ഞു. ‘ജോർജ് ബി.ജെ.പിയുടെ വക്താവല്ല. സാംസ്കാരിക പൈതൃകവും സാമൂഹിക ഔന്നത്യവുമുള്ള ഒരു പരിഷ്കൃത ജനതയെ എവിടെനിന്നോ കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടച്ചാക്ഷേപിച്ചതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു’ എന്നും പ്രസ്താവനയിൽ പറഞ്ഞു.

Full View

മാഹിയെയും മാഹിക്കാരെയും അറിയാതെ, ബൈപാസ് വന്നപ്പോഴാണ് മാഹി സുരക്ഷിതമായതെന്നും മാഹിയിൽ റൗഡികളും വേശ്യകളുമാണ് അധിവസിച്ചിരുന്നതെന്നും പറഞ്ഞ പി.സി. ജോർജ് മാഹിക്കാരോട് മാപ്പുപറയണമെന്ന് സി.പി.എം പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

പി.സി. ജോർജിനെതിരെ നിയമ നടപടിയടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജോർജിന്റെ കോലത്തിൽ പ്രവർത്തകർ ചെരിപ്പ് കൊണ്ടടിച്ചു.

Tags:    
News Summary - pc george regrets the use of 'prostitute'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.