ഒപ്പമുള്ളവരു​െട സുരക്ഷയിൽ ആശങ്കയെന്ന്​; ​പി.സി. ജോർജ്​ ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി

കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തുകയാണെന്ന്​ പി.സി. ജോർജ്​. കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ നാട്ടുകാരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ്​ പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ ഫേസ്​ബുക്കിലൂടെ അറിയിച്ചത്​. ഭയന്നിട്ടല്ല ഇതെന്നും ജനിച്ചുവളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചോദിക്കാനുള്ള ത​െൻറ അവകാശത്തെ ഒരുപറ്റം ആളുകൾ നിഷേധിക്കുമ്പോൾ അവർ ലക്ഷ്യംവെക്കുന്ന വർഗീയ ലഹളയിലേക്ക് നാടിനെ തള്ളിവിടാനാവില്ല. തന്നെ സ്നേഹിക്കുന്ന, വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിലുണ്ട്. പ​േക്ഷ, അവർക്ക് പോലും കാര്യങ്ങൾ തുറന്നുപറയാൻ ഭീഷണിമൂലം സാധിക്കുന്നില്ല. ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു. തനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ളവരുടെ സുരക്ഷയെ കരുതിയാണ്​ ഈരാറ്റുപേട്ടയിൽ പ്രചാരണ പരിപാടികൾ അവസാനിപ്പിക്കുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി.

കഴിഞ്ഞദിവസം ഈരാറ്റുപേട്ട തേവരുപാറയിൽ വോട്ട് അഭ്യർഥിക്കവെ നാട്ടുകാരിൽ ചിലർ കൂവിയതിൽ ജോർജ്​ ക്ഷുഭിതനായിരുന്നു. പ്രകോപിതനായ അദ്ദേഹം പ്രചാരണ വാഹനത്തിൽനിന്ന് മൈക്കിലൂടെതന്നെ മറുപടി നൽകി. ഇവർക്കെതിരെ അസഭ്യവർഷം ചൊരിയുകയും വെല്ലുവിളി മുഴക്കുകയും ചെയ്​തതോടെ കൂവലിന്‍റെ ശക്തിയും കൂടി. ഇതോടെ മനസ്സുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്ന് പറഞ്ഞ്​ അദ്ദേഹം പ്രദേശത്തുനിന്ന്​ മടങ്ങുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.