തിരുവനന്തപുരം: പെരിന്തൽമണ്ണ മുസ് ലിം ലീഗ് ഒാഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അനുവദിക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. മലപ്പുറത്തെ കണ്ണൂരാക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച എം. ഉമ്മർ ആരോപിച്ചു.
ഹർത്താൽ ദിനത്തിൽ പൊലീസ് അതിക്രമം നടത്തി. ലീഗ് ഒാഫിസ് അടിച്ചു തകർത്തത് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. അക്രമത്തിന് പൊലീസ് പിന്തുണ നൽകി. പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉമ്മർ വ്യക്തമാക്കി.
സി.പി.എം പ്രാദേശിക ഒാഫിസിലാണ് പ്രതികളെ ഒളിപ്പിച്ചത്. ഭരണത്തിന്‍റെ തണലിൽ ലീഗുകാർക്കെതിരേ വ്യാപക അക്രമമാണ് മലപ്പുറത്ത് നടത്തുന്നത്. ബോധപൂർവമായ അക്രമങ്ങളാണ് ജില്ലയിലേതെന്നും എം. ഉമ്മർ പറഞ്ഞു.
അങ്ങാടിപ്പുറം പോളിടെക്നിക് കാന്‍റീൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സംഘർഷത്തിന് തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സ്ഥലത്ത് സംഘർഷം തുടങ്ങിയത് യൂത്ത് ലീഗ് ആണ്. പോളിടെക്നിക് വിദ്യാർഥികളാണ് ലീഗ് ഒാഫിസ് തകർത്തത്. ഒരുപക്ഷെ എസ്.എഫ്.ഐ പ്രവർത്തകരും സംഘർഷത്തിൽ പങ്കെടുത്തിരിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ട് സംഭവങ്ങളും അപലപനീയമാണ്. പൊലീസ് നിയമപരമായി മാത്രമാണ് പ്രവർത്തിച്ചത്. സ്ഥലത്ത് സമാധാനം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ്. മലപ്പുറത്ത് മാത്രമല്ല ഒരിടത്തും ഇത്തരത്തിലുള്ള സംഘർഷങ്ങൾ വ്യാപിപ്പിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.