പെരിയ ഇരട്ടക്കൊലക്കേസ്: സർക്കാർ അപ്പീൽ ഹൈകോടതി തള്ളി; സി.ബി.ഐ അന്വേഷിക്കും

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരായ സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജി ചീഫ് ജസ്​റ്റിസ് എസ്​. മണികുമാർ, ജസ്റ്റിസ്​ സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ഡിവിവഷൻ ബെഞ്ചാണ്​ തള്ളിയത്. ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് തുടരാൻ സാധിക്കും.

അതേസമയം, ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിവഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന് ശേഷമായിരിക്കും മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ അടക്കമുള്ളവ ആരംഭിക്കൂവെന്നും ഹൈകോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ നിന്നു കൊണ്ട് സി.ബി.ഐക്ക് അന്വേഷണം തുടരാമെന്നാണ് കോടതി വിധി അർഥമാക്കുന്നത്. സർക്കാറിനു വേണ്ടി സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരാണ്​ ഹാജരായത്​.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഒക്ടോബർ 28നാണ് സർക്കാർ ഡിവിവഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ നൽകിയത്. നവംബറിലാണ് സർക്കാർ വാദം പൂർത്തിയാക്കി വിധി പറയാനായി ഹൈകോടതി കേസ് മാറ്റിയത്. ഒമ്പത് മാസത്തിന് ശേഷമാണ്​ ഇപ്പോൾ വിധി പറഞ്ഞത്​.

ക്രൈംബ്രാഞ്ചി​​​ന്‍റെ കേസ് ഡയറി പോലും പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച്​ കേസ് സി.ബി.ഐക്ക്​ വിടാൻ ഉത്തരവിട്ടതെന്നാണ് പ്രധാനമായും സർക്കാർ വാദിച്ചത്. വിചാരണക്കോടതി കുറ്റപത്രം പരിശോധിച്ച് സ്വീകരിച്ചതാണ്​. ഇത്​ റദ്ദാക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നില്ല. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്​ഥാന പൊലീസ് ആത്മാർഥമായി ശ്രമിക്കുന്ന ഘട്ടത്തിൽ സിംഗിൾ ബെഞ്ചിന്‍റെ ഇടപെടൽ അവരുടെ വിശ്വാസ്യതയും ആത്മവീര്യവും തകർക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചവരും കഴിവ് തെളിയിച്ചവരാണെന്ന വാദവും സർക്കാർ ഉന്നയിച്ചിരുന്നു.

2019 ഫെ​ബ്രു​വ​രി 17നാ​ണ്​ കാ​സ​ര്‍കോ​ട്​ പു​ല്ലൂ​ര്‍ പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലി​യോ​ട്ടു​​വെച്ച്​ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശ​ര​ത് ലാ​ലി​നും കൃ​പേ​ഷി​നും അ​ക്ര​മി​സം​ഘ​ത്തിന്‍റെ വെ​ട്ടേ​റ്റ​ത്. കൃ​പേ​ഷ് സം​ഭ​വ ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. സി.പി.എം നേതാക്കളടക്കം 14 പ്രതികളാണ് കേസിൽ അറസ്റ്റിലായത്.

പീ​താം​ബ​ര​ന്‍, സ​ജി സി. ​ജോ​ര്‍ജ്, സു​രേ​ഷ്, അ​നി​ല്‍ കു​മാ​ര്‍, ഗി​ജി​ന്‍, ശ്രീ​രാ​ഗ്, അ​ശ്വി​ന്‍, സു​ബീ​ഷ്, മു​ര​ളി, ര​ഞ്ജി​ത്ത്, പ്ര​ദീ​പ​ന്‍, മ​ണി​ക​ണ്ഠ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, ബി. ​മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ്​ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സമർപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.