അരിക്കൊമ്പൻ പെരിയാറിലേക്ക് തിരികെ വരും, മൃഗങ്ങൾക്ക് അതിർത്തികൾ ബാധകമല്ലെന്ന് കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ

കുമളി: മേഘമലയിൽ എത്തിയ അരിക്കൊമ്പൻ പെരിയാറിലേക്ക് തിരികെ വരുമെന്ന് പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സുയോഗ് പാട്ടീൽ. കേരള-തമിഴ്നാട് അതിർത്തിയിലൂടെയാണ് കൂടുതൽ സമയം അരിക്കൊമ്പൻ സഞ്ചരിക്കുന്നതെന്നും ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.

പൂർണ ആരോഗ്യവാനായ കാട്ടാന ദിവസം 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്. റേഡിയോ കോളറിലൂടെ സിഗ്നൽ കൃത്യമായി ലഭിക്കുന്നുണ്ട്. മനുഷ്യർക്കാണ് അതിർത്തികൾ ബാധകമെന്നും മൃഗങ്ങൾ അതില്ലെന്നും ഡെപ്യൂട്ടി ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ചിന്നക്കനാലിൽ അരിക്കൊമ്പൻ നടത്തിയ അതിക്രമങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മേഘമലക്ക് സമീപം അരിക്കൊമ്പനെ കണ്ടത് തമിഴ്നാട് വനപാലകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കൂടാതെ, പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ വരുന്നത് താൽകാലികമായി വിലക്കി. സഞ്ചാരികൾ ഇവിടത്തെ കോടമഞ്ഞ് ആസ്വദിച്ച് രാത്രിയും റോഡ് വഴി ഇറങ്ങി നടക്കുന്നത് അപകടത്തിനിടയാക്കാൻ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്.

കേരള-തമിഴ്നാട് കടുവ സങ്കേതങ്ങൾ ചേർന്നു കിടക്കുന്ന വനമേഖല വഴിയാണ് അരിക്കൊമ്പന്‍റെയും സഞ്ചാരം. മുമ്പ് ആനകൾ നടന്ന വഴിയെ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും അരിക്കൊമ്പൻ നടക്കുന്നത് പുതിയ കാടുമായി ഇണങ്ങുന്നതിന്‍റെ സൂചനയാണെന്ന് വനപാലകർ പറയുന്നു.

പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന മേഘമല കടുവ സങ്കേതത്തിനുള്ളിൽ സ്വകാര്യ തേയിലത്തോട്ടത്തിന്‍റെ ഏഴ് ഡിവിഷനുകളും ഇതിലെ തൊഴിലാളികളുമാണ് താമസിക്കുന്നത്. മേഘമല, ഇരവങ്കലാർ, മണലാർ, മഹാരാജൻമെട്ട് എന്നിങ്ങനെ കാടും തേയിലത്തോട്ടങ്ങളും ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണം പതിവ് സംഭവമാണ്.

Tags:    
News Summary - Periyar tiger sanctuary deputy director says Arikomban will return to Periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.