പെരുമ്പാവൂർ: മോഷണശ്രമം ചെറുത്ത കോളജ് വിദ്യാർഥിനി നിമിഷയുടെ കഴുത്തറുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ൈകയോടെ പിടികൂടിയത് നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണമെന്ന് പൊലീസ്. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കേസിൽ ഇത്തരമൊരു നീക്കം നടന്നിരുന്നെങ്കിൽ പ്രതിയെ ഉടനടി പിടികൂടാമായിരുന്നുവെന്ന് പൊലീസ് അഭിപ്രായപ്പെട്ടു.
നിമിഷയെ ആക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച പിതൃ സഹോദരൻ ഏലിയാസിനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഓടിയ പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. എന്നാൽ, ജിഷയെ വകവരുത്തി കടന്നു കളഞ്ഞപ്പോൾ നാട്ടുകാർ ഇത്തരമൊരു നീക്കം നടത്തിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ജിഷയുടെ നിലവിളി കേട്ടിട്ട് ആരും ആ ഭാഗത്തേക്ക് ചെന്നില്ല. കൃത്യം നിർവഹിച്ച് പ്രതി പോകുന്നത് കണ്ട അയൽവാസികൾ വീട്ടിൽ കയറി വാതിലടക്കുകയായിരുന്നു. നിയമ വിദ്യാർഥിനിയുടെ മാതാവുമായുള്ള അഭിപ്രായ ഭിന്നതയിൽ നാട്ടുകാർ മനഃപൂർവം ഒഴിഞ്ഞു മാറിയതായാണ് പറയുന്നത്. കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞാണ് നാട്ടുകാർ പ്രതികരിക്കാൻ തന്നെ തയാറായത്. സംഭവശേഷം ജിഷയുടെ മാതാവ് പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ കഴിയവെ മൂന്നാംനാൾ മാധ്യമ പ്രവർത്തകർ സംഭവം പുറത്തുവിട്ട ശേഷമാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച ശേഷമാണ് നാട്ടുകാർ പ്രതികരിക്കാൻ തയാറായത്. എന്നാൽ, നിമിഷ കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോൾ മുതൽ നാട്ടുകാർ ജാഗ്രത പാലിച്ചു. മൃതദേഹം കൊണ്ടുവന്ന പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എത്തി. അവിടെയെത്തിയ റൂറൽ എസ്.പി രാഹുൽ ആർ. നായരോടും മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടും കാര്യങ്ങൾ വിശദീകരിച്ചു. നാട്ടുകാർ പകച്ച് നിന്നിരുന്നെങ്കിൽ പ്രതി കടന്നുകളയുമായിരുന്നുവെന്നായിരുന്നു എസ്.പിയുടെയും അഭിപ്രായം.
ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഒരാളെങ്കിലും ക്രിമിനൽ സ്വഭാവമുള്ളവരായിരിക്കുമെന്നാണ് പൊലീസിെൻറ നിഗമനം. തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്താൻ മടിയില്ലാത്ത ഇവരുടെ ആക്രമണം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. കടന്നുകളഞ്ഞാൽ ഇവരെ പിടികൂടുക എളുപ്പമല്ല.
ഇതര സംസ്ഥാനക്കാർക്ക് വീട് വാടകക്ക് നൽകുന്നവർ ഇപ്പോഴും രേഖകൾ വാങ്ങാറില്ല. ഒരാൾക്ക് നൽകുന്ന വീട്ടിൽ രാത്രികാലങ്ങളിൽ ഒമ്പത് പേരാണ് തങ്ങുന്നത്. താമസിക്കുന്നവരുടെ പേരുവിവരങ്ങൾ സ്റ്റേഷനിൽ നൽകണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. ഇനിയെങ്കിലും ഇക്കാര്യത്തിൽ ജാഗ്രത ഉണ്ടാകണമെന്നാണ് പൊലീസിെൻറ അഭ്യർഥന.
മരണത്തിൽ നടുങ്ങി നാട്ടുകാരും സഹപാഠികളും
കിഴക്കമ്പലം: പട്ടാപ്പകലാണ് വീട്ടിനുള്ളിൽ നിമിഷ കൊല്ലപ്പെട്ടത്. അടുത്തടുത്ത് വീടുകളുണ്ടായിട്ടും ആർക്കും നിമിഷയെ രക്ഷിക്കാനായില്ല. സമീപവാസികൾ കാര്യമറിയുമ്പോഴേക്കും കൊലപാതകി കൃത്യം നടത്തി ഓടിമറഞ്ഞിരുന്നു. സൗമ്യസ്വഭാവക്കാരിയായ നിമിഷയുടെ ദാരുണാന്ത്യം നാട്ടുകാർക്കും സഹപാഠികൾക്കും തീരാവേദനയായി.
രണ്ടാം വർഷ വിദ്യാർഥികൾക്ക് പരീക്ഷയായതിനാലാണ്, അവസാനവർഷ ബി.ബി.എ വിദ്യാർഥിനിയായ നിമിഷക്ക് ക്ലാസില്ലാതിരുന്നത്. മുത്തശ്ശിയുെട കരച്ചിൽകേട്ട് ഓടിയെത്തിയപ്പോഴാണ് അക്രമി കത്തിക്കൊണ്ട് നിമിഷയുടെ കഴുത്തുമുറിച്ചത്. അധ്യാപകർക്കും സഹപാഠികൾക്കും നല്ലതു മാത്രമേ നിമിഷയെക്കുറിച്ച് പറയാനുള്ളൂ. അധ്യാപകർക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു. അനാവശ്യ കാര്യങ്ങളിലൊന്നും ഇടപെടാത്ത ശാന്തസ്വഭാവമായിരുന്നു നിമിഷക്കെന്ന് സഹപാഠികളും പറഞ്ഞു. നാട്ടുകാർക്കും പ്രിയപ്പെട്ടവളായിരുന്നു. മലയിടംതുരുത്ത് പള്ളിയിൽ കരോളിൽ പാടുകയും മറ്റു പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.
നിമിഷയുടെ മരണമറിഞ്ഞ് അധ്യാപകരും സഹപാഠികളും ഉൾപ്പെടെ നിരവധിപേർ വീട്ടിലെത്തി. എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.