യോഗി ആദിത്യനാഥിന് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരള വിരുദ്ധ പരാമർശത്തിന് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻെറ നേട്ടങ്ങൾ യു.പിയിലെ നേതാക്കൾ തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർ പ്രദേശിൽ ഉള്ളവർ തന്നെ, അവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പോലും, അഖിലേഷനിനെ പോലെയുള്ള നേതാക്കൾ പോലും ഉത്തർ പ്രദേശും കേരളവും താരതമ്യപ്പെടുത്താൻ കഴിയുന്നതല്ല എന്ന് പറഞ്ഞ് കേരളത്തിൻെറ മികവ് അംഗീകരിച്ച് സംസാരിച്ചിട്ടുണ്ട്. നേരത്തെ നിതി ആയോഗിൻെറ അംഗീകാരം നമുക്ക് ലഭിച്ചതിനെക്കുറിച്ച് എടുത്തുപറയുകയുണ്ടായി. ഇങ്ങനെ ഒരുപാട് തലങ്ങളിൽ കേരളം ഉയർന്നുനിൽക്കുകയാണ്. ആ ഉയർച്ച സമാനതകളില്ലാത്ത രീതിയിലാണ്. അതിനെക്കുറിച്ച് രാഷ്ട്രീയമായി ഉയർത്തിയ ശരിയല്ലാത്ത വർത്തമാനമായി മാത്രമേ അതിനെ കാണാൻ കഴിയൂ -മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വിവാദ പരാമർശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നത്. വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു.പി കേരളമോ കശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പരാമർശം. ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചെന്നും നിങ്ങൾക്ക് തെറ്റുപറ്റിയാൽ അഞ്ച് വർഷത്തെ അധ്വാനം നശിച്ചു പോകുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഉത്തർപ്രദേശിന് കേരളമോ, കാശ്മീരോ, ബംഗാളോ ആയി മാറാൻ കൂടുതൽ സമയം വേണ്ടി വരില്ലെന്നും യോഗി പറഞ്ഞിരുന്നു.

വ്യാപക വിമർശനമാണ് ഇതിനെതിരെ അന്ന് തന്നെ ഉയർന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമടക്കം നിരവധി പ്രമുഖർ അന്ന് തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - pinarayi vijayan agaianst yogi adityanath in assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.