കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യൂത്ത് കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോൺഗ്രസിനെ പ്രതാപകാലത്ത് ഭയപ്പെട്ടിട്ടില്ലെന്നും പിന്നെയല്ലേ ഇപ്പോൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
സതീശന്‍റെ പ്രസിഡന്‍റിനോട് ചോദിച്ചാൽ അറിയാം, അവരുടെ പ്രതാപ കാലത്ത് പൊലീസിനെ കൂടെ നിർത്തി ഗുണ്ടകൾ വഴിനീളെ ആക്രമണം അഴിച്ചുവിട്ടിരുന്ന കാലം. ആ കാലത്തും ഞാൻ അതിലെ നടന്നിട്ടുണ്ട് സതീശാ. അത് മനസ്സിലാക്കിക്കോ. മാലൂർ പഞ്ചായത്തിലെ തോലമ്പ്ര വെച്ചായിരുന്നു അത്. ആ ബസാറിലൂടെ നടന്ന് പോകുമ്പോൾ എന്‍റെ നേരെ തോക്ക് ചൂണ്ടിയ സംഭവമുണ്ടായി. വെടിയൊന്നും വെച്ചില്ല. ഞാൻ അതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അന്നത്തെ ഡി.വൈ.എസ്.പി എന്നോട് പറഞ്ഞത് അത് കളിത്തോക്കായിരുന്നെന്നാണ്. അത് ശരിയായ തോക്കാണോ കളിത്തോക്കാണോ എന്നൊന്നും അന്വേഷിക്കാൻ ഞാൻ പോയിട്ടില്ല. പക്ഷേ അതൊരു ക്രിമിനൽ താവളമായിരുന്നു. സതീശൻ മനസ്സിലാക്കേണ്ടത്, സതീശൻ പറയുന്ന ഭീരുവായ ഞാൻ ആ ക്രിമിനൽ താവളത്തിന് മുന്നിലൂടെ ഒറ്റക്ക് നടന്ന് പോകുകയായിരുന്നു. അതും മനസ്സിൽ വെച്ചോളൂ.
യൂത്ത് കോൺഗ്രസിനെ ആ പ്രതാപകാലത്ത് ഭയപ്പെടേണ്ടി വന്നിട്ടില്ല. ഇപ്പോൾ യൂത്ത് കോൺഗ്രസിന് എന്താ പ്രതാപമാണുള്ളത് എന്ന് എല്ലാവർക്കുമറിയാമല്ലോ. അതുകൊണ്ട് വല്ലാതെ മേനിനടക്കാൻ പുറപ്പെടേണ്ട. ആരെയാണ് ഞങ്ങൾ ഭയപ്പെടേണ്ടത്, എന്തിനാണ് ഭയപ്പെടേണ്ടത് -മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.