തൃശൂർ: അഴീക്കോടൻ രക്തസാക്ഷി അനുസ്മരണ പ്രസംഗത്തിനിടെ പി.വി അൻവർ എം.എൽ.എക്ക് പരോക്ഷ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈയടുത്തായി ചിലരെ മാധ്യമങ്ങൾ വല്ലാതെ പൊക്കിക്കാണിക്കുന്നുണ്ട്. അതൊക്കെ എത്രകാലം കാണുമെന്ന് കണ്ടറിയണം. തെറ്റായ നടപടികൾ കൊണ്ട് നാട് തകരുമെന്നാരും കരുതരുത്. നിക്ഷിപ്ത താൽപര്യക്കാരുടെ എതിർപ്പിന് സർക്കാർ വഴങ്ങില്ല. പറഞ്ഞ് മനസിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാറിന്റേതായ വഴി നോക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് സർക്കാറുകളുടെ കാലത്ത് സ്വീകരിച്ച പൊലീസ് നയവും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
1957ൽ നിലവിൽവന്ന കമ്യൂണിസ്റ്റ് സർക്കാറാണ് ഇന്ന് കാണുന്ന കേരളത്തിന് അടിത്തറ പാകിയത്. മുതലാളിമാർക്ക് അനുകൂലസമീപനം സ്വീകരിക്കുന്ന പൊലീസ് നയം പാടില്ലെന്നായിരുന്നു അന്ന് സർക്കാർ നയം. അത് ലോകത്താദ്യമായിരുന്നു. പൊലീസ് ഇടപെടേണ്ടതില്ലാത്ത വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് ഇ.എം.എസ് അടക്കം തീർത്ത് പറഞ്ഞിട്ടുണ്ട്.
ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറിമാറി പരീക്ഷിക്കുന്ന സമീപനമാണ് കേരളത്തിന്റേത്. എന്നാൽ, ആ ചരിത്രത്തിന് വ്യത്യാസം സംഭവിച്ചു. ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചു. വികസന തുടർച്ചയുണ്ടായി. ഇപ്പോൾ വലതുപക്ഷ മാധ്യമങ്ങൾ ഞങ്ങളെ ചിലത് ഓർമിപ്പിക്കുന്നുണ്ടല്ലോ. അവരെ ചില കാര്യങ്ങൾ തിരിച്ച് ഓർമിപ്പിച്ചെന്നേയുള്ളൂ. ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ ഒക്കെ യാഥാർഥ്യമാക്കി.
ന്യൂയോർക്കിൽ പോലും ഇത്രനല്ല സൗകര്യവും റോഡുകളും ഇല്ലെന്നാണ് കുതിരാൻ വഴി സഞ്ചരിച്ച വിദേശത്ത് താമസമാക്കിയ കോട്ടയത്തുള്ള കുടുംബം തന്നോട് പറഞ്ഞത്. 60 ലക്ഷം പേർക്ക് 1600 രൂപ വീതം ക്ഷേമപെൻഷൻ നൽകുന്നു. അത് ഇനിയും കൂട്ടാനുള്ള ശ്രമം തുടങ്ങി. രാജ്യത്ത് മറ്റെല്ലായിടത്തും അതിദരിദ്രരുടെ എണ്ണം വളരെ കൂടുതലായിട്ടും കേരളത്തിൽ 64,006 പേർ മാത്രമാണ് അതിദരിദ്രർ. അവരെയും സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. മാധ്യമങ്ങൾ അതൊന്നും കാണാതെ കോൺഗ്രസ്, ബി.ജെ.പി വക്താക്കളാകുകയാണ്. ഇടതുപക്ഷത്തെ അങ്ങ് തകർത്തുകളയാമെന്നാണ് ധാരണ. സഖാവ് അഴീക്കോടനും വേട്ടയാടലിന് വിധേയനായിട്ടുണ്ട്. അഴിമതിക്കോടൻ എന്നാണ് വിളിച്ചിരുന്നത്. മരിച്ചപ്പോഴാണ് അറിഞ്ഞത് രമ്യഹർമങ്ങളില്ല, വാടകവീട്ടിലായിരുന്നു എന്ന്. എം.എൽ.എ ആയിരിക്കെ സഖാവ് കുഞ്ഞാലിയെ കൊന്നു. കൊലക്കിരയാകുന്നവർ സി.പി.എമ്മുകാരായിട്ടും കൊലയാളി പാർട്ടി എന്നാണ് ആക്ഷേപമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.