മലപ്പുറം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് തകര്‍ത്ത് ഇന്ത്യയുടെ മുന്നില്‍ കേരളത്തെ അപമാനിച്ചശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. രാജ്യത്തെ വലിയ പാർട്ടിയായ കോൺഗ്രസിന്‍റെ ഉന്നത നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ക്കുന്നത് ദേശീയതലത്തില്‍ നല്‍കുന്ന സന്ദേശം എന്താണെന്ന് സി.പി.എം നേതൃത്വം ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ജനാധിപത്യ-മതേതര കക്ഷികൾ ഒന്നിച്ചു നിൽക്കേണ്ട സാഹചര്യം ചർച്ച ചെയ്യുന്ന ഘട്ടത്തിലാണ് ഇടത് വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ഇത്തരം പ്രവർത്തനങ്ങൾ. ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് സംഘടനക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. രാഹുല്‍ ഗാന്ധിയെ ബി.ജെ.പി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആശങ്ക ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് മുഴുവനുമുണ്ട്.
ബഫര്‍സോണുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്കും സി.പി.എമ്മിനുമാണ് കൂടുതല്‍ ഉത്തരവാദിത്തം. എം.പി എന്ന നിലക്ക് രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വയനാട്ടില്‍ ശാസ്ത്രീയമായാണ് അദ്ദേഹത്തിന്‍റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.