നാടക രചയിതാവും സംവിധായകനുമായ ഓണംതുരുത്ത് രാജശേഖരന്‍ അന്തരിച്ചു

ഏറ്റുമാനൂർ: നാടക രചയിതാവും സംവിധായകനുമായിരുന്ന ഓണംതുരുത്ത് രാജശേഖരന്‍ (71) അന്തരിച്ചു. നാടകരചനയിൽ മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഓണംതുരുത്ത് ചെറിയാട്ട് വീട്ടില്‍ കൊച്ചുകുഞ്ഞിന്‍റെയും ദേവകിയുടെയും മകനാണ്. പനിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 12ഓടെയായിരുന്നു മരണം. സഹോദരങ്ങള്‍: തങ്കമ്മ, കുസുമകുമാരി. പരേതരായ പദ്മനാഭന്‍, ശശിധരന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഓണംതുരുത്തിലെ വസതിയില്‍ നടക്കും. അവിവിവാഹിതനാണ്.

പ്രാദേശികമായി വായനശാലകള്‍, ക്ലബുകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികളില്‍ അമേച്വര്‍ നാടകം രചിച്ചും സംവിധാനം ചെയ്തുമാണ് രംഗത്തേക്ക് കടന്നുവന്നത്. കൈപ്പുഴ സെന്‍റ് ജോർജ് സ്‌കൂളിലെ പഠനത്തിനുശേഷം ഐ.ടി.ഐ പഠനം പൂര്‍ത്തിയാക്കി. പിന്നീട് നാടക രചനയും സംവിധാനവും പ്രഫഷനാക്കി 41 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിച്ചു.

ബംഗളൂരുവിലെ വിശ്വേശരയ്യ സംഘടിപ്പിച്ച സൗത്ത് ഇന്ത്യന്‍ സയന്‍സ് ഡ്രാമ ഫെസ്റ്റിവലില്‍ രാജശേഖരന്‍റെ നാടകം ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ഈ നാടകം മുംബൈ നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നെഹ്‌റു ജന്മശതാബ്ദിയോടനുബന്ധിച്ച് കൊല്‍ക്കത്ത എച്ച്.എന്‍.എല്‍ സംഘടിപ്പിച്ച നാടകമേളയില്‍ നാടകരചനക്കും സംവിധാനത്തിനും രണ്ടാംസ്ഥാനം ലഭിച്ചു.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ആറ് തവണ രാജശേഖരന്‍ രചിച്ച നാടകത്തിന് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. കേരള സംസ്ഥാന യുവജന മേളയില്‍ നാടകമത്സരത്തില്‍ അഞ്ച് തവണ ഒന്നാം സ്ഥാനം ലഭിച്ചു. കേരളത്തെ പ്രതിനിധാനം ചെയ്ത് അഞ്ച് തവണ ദേശീയ നാടകമേളയില്‍ പങ്കെടുത്തു.

കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി യുവജനോത്സങ്ങളില്‍ ഏഴ് തവണ രാജശേഖരന്‍ രചിച്ച നാടകത്തിന് ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഇന്‍റര്‍ യൂനിവേഴ്‌സിറ്റി പ്രോഗ്രാമുകളില്‍ നാടകം സംവിധാനം ചെയ്തിട്ടുണ്ട്. കരിമൊട്ടുകള്‍ എന്ന ടെലിഫിലിമിന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

രചനകൾ: ഖലൻ, സൂതപുത്രൻ, എക്കോ, കൃഷ്ണ, അരങ്ങത്ത് കുഞ്ഞന്മാർ, ഒരു പാമ്പുനാടകം, കപ്പലോട്ടക്കാരി, പൗലോസ് എന്ന വെറും പൗലോസ്, നമുക്ക് സ്‌തുതി പാടാം, മീൻ കാഫ് പാർട്ട് ത്രീ, പേഴ്സി പിസാലം, അരാഗ്നി ഗ്രീക്കിലെ മീഡിയ, ഈസോപ്പ് കഥയിലെ ഇന്ത്യക്കാരൻ, പൂർവപക്ഷത്തെ ശിലാഗോപുരങ്ങൾ. 

Tags:    
News Summary - Playwright and director Onamthuruth Rajasekharan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.