കൊച്ചി: തെറ്റായി പ്രതിചേർക്കപ്പെടുന്നവരാണ് പോക്സോ കേസുകളിൽ യഥാർഥ ഇരകളാകുന്നതെന്ന് ഹൈകോടതി. കോട്ടയം അയർക്കുന്നം സ്വദേശി രാംലാലിനെതിരെ ചുമത്തിയ പോക്സോ കേസും കുറ്റപത്രവും റദ്ദാക്കിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിെൻറ ഉത്തരവ്. പ്രഥമ വിവര മൊഴിയിൽ പറഞ്ഞതിനപ്പുറം പൊലീസ് പൊലിപ്പിച്ച് തയാറാക്കിയതാണ് കുറ്റപത്രമെന്നും കേസ് നിലനിൽക്കില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്. കേസ് റദ്ദാക്കാൻ രാംലാൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സ്കൂൾ വാൻ ഉടമയായ രാംലാലിനെതിരെ 13കാരിയായ വിദ്യാർഥിനി നൽകിയ പരാതിയിലാണ് പാമ്പാടി പൊലീസ് കേസെടുത്തത്. 2018 ആഗസ്റ്റ് 14ന് സ്കൂളിൽനിന്ന് വീട്ടിലേക്ക് വാനിൽ വരുമ്പോൾ തെൻറയടുത്ത് വന്നിരുന്ന രാംലാൽ തോളുകൊണ്ട് കൈയിൽ ഇടിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തോളുകൊണ്ട് ഇടിച്ചപ്പോൾ മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. അയാൾ മാറുകയും ചെയ്തതായി പെൺകുട്ടി പൊലീസിൽ നൽകിയ പ്രഥമ വിവര മൊഴിയിൽ പറയുന്നു.
എന്നാൽ, തെൻറ ശരീരത്തിൽ ചാരിയാണ് അയാൾ ഇരുന്നതെന്നും വയറ്റിൽ പിടിച്ചതായി അനുഭവപ്പെട്ടെന്നും പെൺകുട്ടി പറഞ്ഞതായി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയെ വിളിച്ചുവരുത്തിയ മജിസ്ട്രേറ്റ്, സ്വന്തം ഇഷ്ട പ്രകാരം മൊഴി നൽകിയതാണോയെന്ന് ആരാഞ്ഞു. പാമ്പാടി സ്റ്റേഷനിലെ പൊലീസ് ഒാഫിസറാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചതെന്ന് കുട്ടി വ്യക്തമാക്കി. ഇക്കാര്യം മജിസ്ട്രേറ്റിെൻറ മുന്നിൽ നൽകിയ മൊഴിയിലുണ്ട്.
പോക്സോ കേസുകളിലെ ഇത്തരം നടപടികൾ കോടതിയെയും പ്രോസിക്യൂഷനെയും അലോസരപ്പെടുത്തുന്നതായി കോടതി അഭിപ്രായപ്പെട്ടു. കുട്ടിയുടെ ആദ്യ മൊഴി പ്രകാരം കേസ് നിലനിൽക്കില്ലെന്ന് കണ്ട പൊലീസ് കേസ് പൊലിപ്പിച്ചതാണ്. ഇതു നിയമപരമായി നിലനിൽക്കില്ല. ഇത്തരം കള്ളക്കേസുകളിലെ പ്രതികളാണ് യഥാർഥത്തിൽ ഇരകളാകുന്നത്. സത്യസന്ധയായ പെൺകുട്ടി യാഥാർഥ്യം ഏറ്റു പറഞ്ഞതിൽ സന്തോഷമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.