തിരുവനന്തപുരം: ജില്ല പൊലീസ് മേധാവികൾക്ക് പരീക്ഷയുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമം സംബന്ധിച്ച് 10 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. പരീക്ഷയിൽ തോൽക്കുന്നവർക്ക് 15 ദിവസത്തെ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.
ഇൗമാസം 18ന് വൈകീട്ട് 3.30ന് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇൗ വിഷയത്തിൽ ജില്ല പൊലീസ് മേധാവികൾ, ഇൗ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാൻ ചുമതലപ്പെട്ടിട്ടുള്ള ഡിവൈ.എസ്.പിമാർ എന്നിവരുമായി ഡി.ജി.പി വിഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്.
പോക്സോ കേസുകളുടെ അന്വേഷണം, വിചാരണ ഉൾപ്പെടെയുള്ള കാര്യങ്ങളെകുറിച്ചാണ് വിഡിയോ കോൺഫറൻസിൽ ചർച്ച ചെയ്യുക. ഇൗ വിഡിയോ കോൺഫറൻസിലാണ് ജില്ല പൊലീസ് മേധാവികളുടെ പോക്സോ നിയമവുമായി ബന്ധപ്പെട്ട പരിജ്ഞാനം അറിയാൻ പരീക്ഷ നടത്തുന്നത്.
പോക്സോയുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങളാണ് ടെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്രൈം ബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്താണ് ചോദ്യങ്ങൾ തയാറാക്കുന്നത്. ഇൗ ചോദ്യങ്ങൾ ജില്ല പൊലീസ് മേധാവികളുടെ വാട്സ്ആപ്പിലേക്ക് അയക്കുമെന്നും അതിന് ഉത്തരം നൽകണമെന്നുമാണ് നിർദേശം.
ഉത്തരങ്ങൾ ശരിയായി നൽകുന്നതിൽ പരാജയപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് പൊലീസ് ട്രെയിനിങ് കോളജിൽ 15 ദിവസത്തെ പരിശീലനം നൽകും. ഇതിന് പുറമെ വനിതാ ഉദ്യോഗസ്ഥരെ പോക്സോ കേസുകളുടെ അന്വേഷണത്തിന് ഉപയോഗിക്കുന്ന കാര്യം സംബന്ധിച്ചും വിഡിയോ കോൺഫറൻസിൽ ചർച്ച ചെയ്യും.
അതേസമയം, പരീക്ഷയോട് അനുഭാവ മനോഭാവമല്ല ജില്ല പൊലീസ് മേധാവികൾക്കുള്ളത്. ഇത്രയും പ്രയാസത്തിൽപ്പെട്ട് തങ്ങൾ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇതിനിടെ പോക്സോ നിയമത്തിെൻറ പേരിൽ പരീക്ഷ നടത്താനുള്ള നടപടി നീതീകരിക്കാനാകില്ലെന്നുമാണ് ഇവരുടെ അഭിപ്രായം. തോറ്റാൽ പരിശീലനത്തിനയക്കുമെന്ന മുന്നറിയിപ്പ് തങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.