കണ്ണൂർ: യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ നിലത്തുവീണ പ്രവർത്തകയുടെ തലമുടി ചവിട്ടിപ്പിടിച്ചും വസ്ത്രം വലിച്ചുകീറിയും പൊലീസ്. അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണനു നേരെയാണ് പൊലീസിന്റെ ക്രൂരത. മാർച്ചിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുന്നതിനിടെയാണ് റിയ നിലത്തുവീണത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പുരുഷ പൊലീസ് മുടി ചവിട്ടിപ്പിടിച്ചതെന്ന് റിയ പറഞ്ഞു.
പിന്നാലെ വനിത പൊലീസ് വസ്ത്രം വലിച്ചുകീറി. മറ്റ് വനിത പ്രവർത്തകരുടെ ഷാൾ അണിയിച്ചാണ് ഇവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്.
വഴിമധ്യേ പുതിയ വസ്ത്രം വാങ്ങി ധരിച്ചശേഷമാണ് ടൗൺ പൊലീസിനുമുമ്പിൽ ഹാജരായത്. പൊലീസുമായുള്ള ഉന്തുംതള്ളിലും പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കലക്ടറേറ്റ് മാർച്ച് നടത്തിയത്.
ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കിയും തുടർന്ന് ലാത്തിയും വീശി. പൊലീസുമായുള്ള ഉന്തും തള്ളിലും ലാത്തിച്ചാർജിലും വനിത പ്രവർത്തകർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ മൂന്ന് വനിത പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.