കോട്ടക്കൽ: മരവ്യാപാരിയുടെ പണം പോക്കറ്റടിച്ച സംഭവത്തിൽ പ്രതിയുടെ വിവരങ്ങൾക്കു പകരം പരാതിക്കാരന്റെ മേൽവിലാസം നൽകിയ പൊലീസ് വെട്ടിലായി. തെറ്റുപറ്റിയതായി ഒടുവിൽ കുടുംബത്തോട് കോട്ടക്കൽ പൊലീസ് സമ്മതിച്ചു. ആഗസ്റ്റ് 22ന് കോട്ടക്കലിലായിരുന്നു സംഭവം. പോക്കറ്റടിച്ച പണം ബാങ്ക് വഴി കൈമാറിയ രണ്ടാം പ്രതി പെരുമ്പള്ളി മുഹമ്മദ് റാഫിയെ (46) കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, മുഖ്യസൂത്രധാരനും കോഴിക്കോട് തോട്ടുമുക്കം സ്വദേശിയുമായ ചുണ്ടൻകുന്നൻ ഹുസൈന് (58) പകരം പരാതിക്കാരനായ പൊന്മുണ്ടം കുറുങ്കാട് സ്വദേശി താഴത്തേതിൽ അബ്ദുൽ നാസറിന്റെ (52) പേരാണ് പൊലീസ് മാധ്യമങ്ങൾക്കു നൽകിയത്. ഇത് വാർത്തയായി വന്നു. നാസറിന്റെ പേര് പൊലീസ് നൽകുകയും വാർത്ത വരുകയും ചെയ്തത് കുടുംബത്തിന് ഏറെ പ്രയാസമുണ്ടാക്കി. സംഭവം ശ്രദ്ധയിൽപെട്ടതോടെ നാസറിന്റെ കുടുംബത്തെ നേരിൽ കണ്ട് ഇൻസ്പെക്ടർ തെറ്റുപറ്റിയതായും നിർവ്യാജം ഖേദിക്കുന്നതായും അറിയിക്കുകയായിരുന്നു.
നാസറിന്റെ പോക്കറ്റിലുണ്ടായിരുന്ന അര ലക്ഷം രൂപയാണ് ബസ് യാത്രക്കിടെ ചുണ്ടൻകുന്നൻ ഹുസൈൻ കവർന്നത്. സംശയം തോന്നിയ അബ്ദുൽ നാസർ ഹുസൈനെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചെങ്കിലും പണം കണ്ടെത്താൻ സാധിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമാനമായ 30ഓളം കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഹുസൈനെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് റാഫിയെ മലപ്പുറത്തുനിന്ന് പിടികൂടുന്നത്. സംഭവദിവസം റാഫിയുടെ അക്കൗണ്ടിൽനിന്ന് ഹുസൈന്റെ അക്കൗണ്ടിലേക്ക് പോക്കറ്റടിച്ച പണം എത്തിയിരുന്നതായും നിരവധി തവണ ഫോണിൽ ഇരുവരും ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.