മയക്കുമരുന്നിന്‍റെ വിപണനവും ഉപയോഗവും തടയുന്നതിന് 'യോദ്ധാവു'മായി പൊലീസ്

തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി 'യോദ്ധാവ്' എന്ന പുതിയ പദ്ധതിക്ക് പൊലീസ് രൂപം നൽകി. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹിക നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ മുതലായവരും പദ്ധതിയുടെ ഭാഗമാകും. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള അധ്യാപകനെ എല്ലാ വിദ്യാലയത്തിൽനിന്നും തെരഞ്ഞെടുക്കും. രണ്ടുദിവസത്തെ പരിശീലനം, ശേഷം അവരുടെ സേവനം വിനിയോഗിക്കും.

ഇത്തരം അധ്യാപകർ 'യോദ്ധാവ്' എന്നറിയപ്പെടും. ഇവരുടെ യോഗം സ്റ്റേഷൻ ഹൗസ് ഓഫിസർമാർ മാസത്തിലൊരിക്കൽ വിളിച്ചുചേർക്കും. നാർകോട്ടിക് സെല്ലിന്‍റെ ചുമതലയുള്ള ഡിവൈ.എസ്.പി ആയിരിക്കും നോഡൽ ഓഫിസർ. ജനമൈത്രി വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം നൽകും. ആയിരം സ്കൂളുകളിലെ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് 88,000 സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും.

ജനമൈത്രി പൊലീസിന്‍റെ സഹായത്തോടെ റസിഡൻസ് അസോസിയേഷനുകളിൽ ആന്‍റി നാർകോട്ടിക് ക്ലബുകൾ രൂപവത്കരിക്കും. വിവരങ്ങൾ സ്വകാര്യമായി പങ്കുവെക്കാനായി ഹെൽപ് ലൈൻ നമ്പർ, കേസിൽപെടുന്നവരുടെ ഡാറ്റാ ബേസ് തയാറാക്കൽ എന്നിവയും നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.

Tags:    
News Summary - Police to prevent sale and use of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.