മുണ്ടൂർ: പാലക്കാട് -കോഴിക്കോട് ദേശീയപാത പൊരിയാനിയിൽ സ്ഥാപിക്കാനൊരുങ്ങുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സി.പി.എം, കോൺഗ്രസ്, വെൽഫെയർ പാർട്ടി, ബി.ജെ.പി എന്നി രാഷ്ട്രീയ പാർട്ടികൾ പ്രത്യക്ഷ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോങ്ങാട് മേഖലയിലെ ബസുടമകൾ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് കീഴിൽ സ്വകാര്യ ബസുകളിൽ കരിങ്കൊടി കെട്ടി ബുധനാഴ്ച പ്രതിഷേധ ദിനം ആചരിച്ചു.
അശാസ്ത്രീയ ടോൾ ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിനെതിരെ മുണ്ടൂർ വഴി സർവിസ് നടത്തുന്ന പത്തിരിപ്പാല, പറളി, കോങ്ങാട്, മുണ്ടൂർ, കടമ്പഴിപ്പുറം, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ബസുടമകളും ജീവനക്കാരുമാണ് പ്രതിഷേധ ദിനാചരണത്തിൽ പങ്കെടുത്തത്. ബസുടമകളുടെ സംഘടന പൊരിയാനിയിൽ അടുത്ത ദിവസം പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിക്കും.
ഏഴ് കിലോമീറ്റർ ദൈർഘ്യത്തിലുള്ള ദേശീയ പാതയുടെ ഉപയോഗത്തിന് അതിലധികം ദൂരം സംസ്ഥാന പാത ഉപയോഗിക്കുന്നവരാവും ടോൾ കൊടുക്കേണ്ടി വരുക എന്ന വൈരുധ്യവും പൊരിയാനിയിൽ ടോൾ ബൂത്ത് ഏർപ്പെടുത്തുമ്പോൾ ഉണ്ടാവുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.ജനകീയ സമിതിയും വിവിധ പാർട്ടികളും ടോൾ ബൂത്തിനെതിരെ ബാനറും ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
മുണ്ടൂർ: പൊരിയാനി ടോൾ ബൂത്ത് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ടോൾ ബൂത്ത് നിർമിക്കാൻ അനുവദിക്കില്ലെന്നും സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സുജിത് അധ്യക്ഷനായി. യുവമോർച്ച ജില്ല ഭാരവാഹികളായ കെ.സി. സുരേഷ്, കെ.എസ്. വിനോദ് കൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് പി.പി. പ്രകാശൻ, ജനറൽ സെക്രട്ടറി ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.