തിരുവനന്തപുരം: ആഭ്യന്തര വൈദ്യതോൽപാദനം ആവശ്യകതയുടെ 30 ശതമാനത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ റെഗുലേറ്ററി കമീഷൻ ഇടപെടൽ നിർണായകമാവും. ജല വൈദ്യുതി പദ്ധതികളക്കം പൂർത്തീകരിക്കുന്നതിൽ കെ.എസ്.ഇ.ബി മെല്ലപ്പോക്ക് തിരുത്തുന്നതിനുള്ള കർശന നിർദേശങ്ങളാണ് കമീഷൻ നൽകിയത്. 2027 വരെയുള്ള വൈദ്യുതോൽപാദന മേഖല (ജനറേഷൻ) സംബന്ധിച്ച് കെ.എസ്.ഇ.ബി സമർപ്പിച്ച മൂലധന നിക്ഷേപ പദ്ധതി അംഗീകരിച്ച ഉത്തരവിലാണ് തിരുത്തൽ നിർദേശം. ഇവ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.
ജലവൈദ്യുതി പദ്ധതികളടക്കം പൂർത്തിയാക്കുന്നതിലെ അനാവശ്യ കാലതാമസം നഷ്ടക്കണക്കിൽപെടുത്തി താരിഫ് നിർണയത്തിൽ ഉൾപ്പെടുത്താനാവില്ലെന്നതാണ് ഇതിൽ പ്രധാനം. നിരക്ക് കൂട്ടാൻ കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീക്കുന്നത് നഷ്ടങ്ങളുടെ കണക്ക് നിരത്തിയാണ്. പദ്ധതികൾ വൈകുന്നതുമൂലമുള്ള നഷ്ടവും താരിഫ് വർധന അപേക്ഷകളിൽ പ്രതിഫലിക്കാറുണ്ട്. ഇനി ഇത് അനുവദിക്കാനാവില്ലെന്ന് കമീഷൻ വ്യക്തമാക്കിയത് പദ്ധതി നടത്തിപ്പിൽ കൂടുതൽ സൂക്ഷ്മതപാലിക്കാനും കാലതമാസം ഒഴിവാക്കാനും കെ.എസ്.ഇ.ബിയെ നിർബന്ധിതമാക്കും.
നിർമാണ പുരോഗതി കൃത്യമായി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിർമാണത്തിൽ സുതാര്യത പുലർത്താൻ കാരണമാവുമെന്നാണ് വിലയിരുത്തൽ. പ്രതിമാസ നിർമാണ പുരോഗതി വിലയിരുത്തൽ, കൃത്യമായ സമയപരിധി നിർണയിച്ച് പദ്ധതി നിർവഹണം തുടങ്ങിയ നിർദേശങ്ങളും നൽകി. ഉൽപാദന പദ്ധതികളുടെ ചെലവ് നിയന്ത്രിക്കുന്നതിനും ധനപ്രതിസന്ധി ഒഴിവാക്കുന്നതിനും നിലവിലെ രീതിയിൽ മാറ്റംവരുത്തി ധനകാര്യ വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നതാണ് മറ്റൊരു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.