കൊച്ചി: യാത്രാമധ്യേ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ കൊച്ചിയിലെത്തുമെന്ന വിവരത്തെ തുടർന്ന് കോൺഗ്രസ് എം.പിമാരും എം.എൽ.എയുമടങ്ങുന്ന സംഘം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. എം.പിമാരായ ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, എം.എൽ.എ അൻവർ സാദത്ത് എന്നിവരാണ് വിമാനത്താവളത്തിലെത്തിയത്. എന്നാൽ, ഇതിനിടെ അഡ്മിനിസ്ട്രേറ്റർ യാത്രയുടെ റൂട്ട് മാറ്റി. നെടുമ്പാശ്ശേരിയിലെത്താതെ എയർഫോഴ്സ് വിമാനത്തിൽ ദാമൻ ദിയുവിൽനിന്ന് നേരിട്ട് അഗത്തിയിലേക്ക് പോകുകയായിരുന്നു.
ലക്ഷദ്വീപിലെ സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അവിടേക്ക് പോകാൻ എം.പിമാരുടെ സംഘത്തിന് അനുമതി നൽകുക, വിവാദ നിയമങ്ങൾ പിൻവലിക്കുക എന്നീ കാര്യങ്ങൾ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപ്പെടാനായിരുന്നു ജനപ്രതിനിധികൾ എത്തിയത്. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ലക്ഷദ്വീപ് നിവാസികൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. പ്രതിഷേധം അറിഞ്ഞ് അഡ്മിനിസ്‌ട്രേറ്റർ ദാമൻ ദിയുവിൽനിന്ന് കവരത്തിയിലേക്ക് ഒളിച്ചോടിയെന്ന് ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ച കോൺഗ്രസ് എം.പിമാരുടെ സംഘത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫിസിനുമുന്നിൽ എം.പിമാരുടെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തിയിരുന്നു. കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.