കണ്ണൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന കെ. നവീൻ ബാബുവിന് സ്വർണം പണയം വെച്ച് കൈക്കൂലി നൽകിയെന്ന് പെട്രോൾ പമ്പിന്‍റെ എൻ.ഒ.സിക്കായി അപേക്ഷ നൽകിയ ടി.വി. പ്രശാന്തൻ പൊലീസിന് മൊഴി നൽകി. ആറാം തിയതി നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എത്തി കണ്ടുവെന്നും അവിടെ നിന്നാണ് കൈക്കൂലി നൽകിയത് എന്നുമാണ് പ്രശാന്തന്‍റെ മൊഴി. കഴിഞ്ഞ ദിവസം പ്രശാന്തൻ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. അതേസമയം, കേസിൽ പി.പി. ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ചയാണ് ദിവ്യയുടെ മുൻകൂർ ജാമ്യഹരജി കോടതി പരിഗണിക്കുന്നത്.
പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിന് എ.ഡി.എം നവീന്‍ബാബു 98,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്‍റെ ആരോപണം. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തിൽ അധിക്ഷേപിച്ച് സംസാരിച്ചതിന് പിന്നാലെ നവീന്‍ബാബു ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ.ഡി.എമ്മിനെതിരെ പ്രശാന്തൻ കൈക്കൂലി ആരോപണമുന്നയിച്ചത്.
നവീന്‍ ബാബു ഒക്ടോബര്‍ ആറിന് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നല്‍കിയെന്നുമാണ് പ്രശാന്തന് മുഖ്യമന്ത്രിക്ക് നൽകിയതെന്ന് പറയുന്ന പരാതിയിലുള്ളത്. അതേസമയം, ഈ പരാതി സംബന്ധിച്ചും അവ്യക്തതകൾ നിലനിൽക്കുകയാണ്.
അതേസമയം നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമീഷണർ എ. ഗീതയുടെ റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന. എ.ഡി.എം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.
പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വരുന്നില്ല. അയാൾ ഇനി സർവിസിൽ ഉണ്ടാകാൻ പാടില്ല. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കും’ -മന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 15ന് രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.