ഭാര്യയുടെ സ്വർണം കൈക്കലാക്കിയ ശേഷം പീഡനം; പ്രവാസിയായ ഭർത്താവ് അറസ്​റ്റിൽ

ബേപ്പൂർ (കോഴിക്കോട്): സ്വർണം കൈക്കലാക്കി യുവതിയെ ഗാർഹിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രവാസിയായ ഭർത്താവ് അറസ്​റ്റിൽ. തൃശൂർ പുതുക്കാട് മുപ്ലിയം റോഡിൽ ചാക്കോച്ചിറ പൂനൂർ കളരിക്കൽ ശെൽവരാജി​‍െൻറ മകൻ 'ഉഷസ്സി'ൽ പി.കെ. അശ്വിൻ രാജാണ് (30) അറസ്​റ്റിലായത്. നേരത്തേ ബേപ്പൂർ പൊലീസ് കേസ് രജിസ്​റ്റർ ചെയ്​ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അബൂദബിയിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത്.

ബേപ്പൂർ സ്വദേശിനിയായ അഞ്ജനയെ 2019 ഏപ്രിൽ 20നാണ് അൽഐനിൽ എൻജിനീയറായ അശ്വിൻ രാജ് വിവാഹം ചെയ്​തത്. എം.കോം ബിരുദധാരിയാണ് അഞ്ജന. വിവാഹ സമയത്ത് യുവതിക്ക് 120 പവൻ സ്വർണം നൽകിയിരുന്നു. ഒരാഴ്​ചക്കകംതന്നെ യുവതിയുടെ സമ്മതം കൂടാതെ മുഴുവൻ സ്വർണവും അശ്വിൻരാജ് തന്‍റെ മാതാവിന്‍റെയും പിതാവിന്‍റെയും പേരിലുള്ള ബാങ്ക് ലോക്കറിലേക്ക് മാറ്റിയതായി പരാതിയിൽ പറയുന്നു.

ഒരു മാസത്തിനു ശേഷം ഇയാൾ യു.എ.ഇയിലേക്ക് പോയി. ഇതിനു ശേഷവും ഭർതൃവീട്ടിൽ തുടർന്ന യുവതിയെ ഭർതൃമാതാവ് ഉഷാകുമാരി, പിതാവ് ശെൽവരാജ്, സഹോദരൻ അനശ്വർ രാജ് എന്നിവർ ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇതോടെ യുവതിയെ പിതാവ് 2019 നവംബറിൽ ബേപ്പൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു.

തുടർന്നാണ്​ ഗാർഹിക പീഡനത്തിനും ആഭരണങ്ങൾ തിരിച്ചുകിട്ടുന്നതിനും അഞ്ജന ബേപ്പൂർ പൊലീസിൽ പരാതി നൽകിയത്​. പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി തൃശൂരിലെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ ആഭരണങ്ങൾ കണ്ടെത്തിയില്ല. ഇതിനിടെ കേസിൽ പ്രതികളായ ശെൽവരാജ്, ഉഷാകുമാരി, അനശ്വർ രാജ് എന്നിവർ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ അശ്വിൻ രാജിനും ജാമ്യം ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.