രണ്ട് വയസ്സുള്ള ഉമറുൽഫാറൂഖിനിത് സന്തോഷത്തിെൻറ കാലമാണ്. ഇക്കുറി നോമ്പിന് ഉപ്പയും അടുത്തുണ്ടാകും. ഭാര്യ റാഷിദ ഗർഭിണിയായിരുന്നപ്പോഴാണ് അൻഷാദ് വിദേശത്തേക്ക് പോയത്. തെൻറ പൊന്നു മകെൻറ മുഖം പോലും കാണാൻ കഴിയാതിരുന്ന നാളുകൾ.അതിനിടയിലാണ് തുടങ്ങിയതും അവസാനിക്കുന്നതുമറിയാതിരുന്ന രണ്ടു നോമ്പുകാലങ്ങളും കടന്നുപോയത്.
മരുഭൂമിയിൽ പട്ടിണി കൂട്ടായും ഒട്ടകങ്ങളെ സുഹൃത്തുക്കളാക്കിയും കഴിഞ്ഞുകൂടിയ അൻഷാദിന് ജീവനോടെ തിരിച്ചെത്താനായത് തെൻറ പ്രാർഥന കൊണ്ടാണെന്നാണ് വിശ്വാസം. മനുഷ്യജീവിയെ അപൂർവമായി മാത്രം കാണുന്ന മരുഭൂമിയുടെ വിജനതയിൽ പാതിരാത്രിയിലെപ്പോഴോ കണ്ണീരിൻ നനവുള്ള തെൻറ പ്രാർഥന നാഥൻ സ്വീകരിച്ചതിെൻറ തെളിവാണ് കുടുംബത്തോടൊത്തുള്ള പുതുജീവിതം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13ാം വാർഡ് കാക്കാഴം പുതുവൽ ജലാലുദ്ദീൻ _ലൈല ദമ്പതികളുടെ മകൻ അൻഷാദ് (27) മരുഭൂമിയിലെ തെൻറ ജീവിതത്തെകുറിച്ചു പറയാനാരംഭിച്ചപ്പോൾ അറിയാതൊന്ന് വിതുമ്പി. നാട്ടിൽ ഡ്രൈവർജോലി ചെയ്യുന്നതിനിടെ കുടുംബത്തിൻെറ ചെലവ് രണ്ടറ്റവും എത്തിക്കാൻ ചെമ്മീൻ പീലിങ് ഷെഡിലും അൻഷാദ് പണിയെടുക്കുമായിരുന്നു. ഇതിനിടെയാണ് സുഹൃത്തിൻെറ പരിചയത്തിൽ വിദേശത്തേക്കു പോകാൻ അവസരം ലഭിക്കുന്നത്.
2017 ഒക്ടോബർ 18ന് സുഹൃത്തിെൻറ ബന്ധു നൽകിയ വിസയിൽ അൻഷാദ് റിയാദിലെത്തി. വിസക്കും ടിക്കറ്റ് തരപ്പെടുത്തുന്നതിനുമായി എൺപതിനായിരം രൂപയും നൽകിയിരുന്നു. സൗദി പൗരെൻറ വീട്ടിലെ മജ്ലിസിലെത്തുന്ന അതിഥികൾക്ക് ചായ നൽകുന്ന ജോലിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ റിയാദിലെത്തിയതിനുശേഷം മരുഭൂമിയിൽ കൊണ്ടുപോയി ടെൻറിൽ പാർപ്പിച്ച് ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിയാണ് നൽകിയത്. കുടിക്കാൻ അളവിൽ കൂടുതൽ വെള്ളമെടുത്താൽ ഉടമസ്ഥെൻറ കൊടിയ മർദനത്തിന് ഇരയാകേണ്ടിവരും. ഒരിക്കൽ മർദനമേറ്റ് ഒന്ന് കണ്ണ് ചിമ്മിയപ്പോൾ കാണാതായ ഒട്ടകങ്ങളെ തിരിച്ചുകിട്ടിയ സംഭവം ഞെട്ടലോടെയാണ് ഇന്നും അൻഷാദ് ഓർക്കുന്നത്. സമയമോ തീയതിയോ മാസങ്ങേളാ അറിയാൻ ഒരു മാർഗവുമില്ല. വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുന്നതിനുപോലും വിലക്ക്.
അങ്ങനെയിരിക്കെയാണ് നോമ്പുകാലമെത്തിയത്. കുട്ടിക്കാലം മുതൽ മുടങ്ങാതെ തുടർന്നിരുന്ന നോമ്പ് തുടങ്ങിയതുപോലും അറിഞ്ഞിരുന്നില്ല. ഉടമസ്ഥൻ ആഴ്ചയിൽ മൂന്നു ദിവസം ഒട്ടകങ്ങളെ കാണാനെത്തും. അപ്പോഴാണ് മൂന്നു നോമ്പ് പിന്നിട്ട വിവരം അറിയുന്നത്. തുടർന്നുള്ള നോമ്പുകൾ മുടങ്ങാതെ നോക്കിയെങ്കിലും നിസ്കാര സമയങ്ങൾ കൃത്യമായി അറിയാൻ മാർഗം ഉണ്ടായിരുന്നില്ല. സുബ്ഹ് നമസ്കാരത്തിനുമുമ്പ് വിളിച്ചുണർത്തിയിരുന്നത് ഒട്ടകങ്ങളായിരുന്നു. അവറ്റകൾക്ക് തീറ്റക്കുള്ള സമയമാകുമ്പോൾ എഴുന്നേറ്റ് തട്ടുകയും മുട്ടുകയും ചെയ്യും. ആ ശബ്ദംകേട്ടാണ് ഉറക്കിൽനിന്നെഴുന്നേറ്റ്അത്താഴവും തുടർന്ന് സുബ്ഹ് നമസ്കാരവും. ഒട്ടകത്തെ മേയ്ക്കാനുള്ള വടി മണ്ണിൽ കുത്തിനിർത്തി അളന്നാണ് ദുഹ്ർ, അസർ നമസ്കാരങ്ങൾ നിർവഹിച്ചിരുന്നത്. വടിയുടെ നിഴൽ ഒരു ചാൺ അകലം വരുമ്പോൾ ദുഹ്ർ (ഉച്ചക്കുള്ള) നമസ്കാരത്തിനുള്ള സമയം കണക്കാക്കും. വടിയുടെ നിഴൽ രണ്ടിരട്ടിയാകുമ്പോൾ അസർ( വൈകീട്ട് ) നമസ്കാരം നിർവഹിക്കും. സൂര്യൻ അസ്തമിച്ചുകഴിഞ്ഞതിനുശേഷം മറ്റു നമസ്കാരങ്ങളും നടത്തും. നാട്ടിൽ എത്തിയതിനുശേഷമാണ് ജുമുഅ നമസ്കരിക്കാനായത്.
ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ അത്താഴത്തിനും നോമ്പു തുറക്കും നല്ല ഭക്ഷണം എന്നത് സ്വപ്നം മാത്രമായിരുന്നു. രാവിലെ തരുന്ന രണ്ട് കേക്കും ഒരു കോളയുമാണ് ഒരു ദിവസത്തെ ആഹാരം. ഇത് കഴിച്ചുകൊണ്ടാണ് 60 കിലോ മീറ്ററോളം ഒരു ദിവസം നടക്കുന്നത്. അങ്ങനെ ഒരു മാസം 1500 കിലോ മീറ്ററോളം നടക്കണം. പ്രതികരിക്കാനാകില്ല. ഉടമ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തും. ആഹാരവും വെള്ളവും ശമ്പളവും കിട്ടാതെ ഒരു ജന്മം കടന്നുപോയതോർക്കുമ്പോൾ ഒരുപാടു പേരോട് അൻഷാദിന് നന്ദി പറയാനുണ്ട്. ഒരിക്കലും മറക്കാനാകാത്ത കുറച്ചുപേരുടെ സഹായമാണ് ജീവനോടെ പിറന്നനാട്ടിൽ എത്തിച്ചതെന്ന് അൻഷാദ് നിറകണ്ണുകളോടെ പറഞ്ഞു. നരകജീവിതം നയിച്ചിരുന്ന അൻഷാദിൻെറ വിവരങ്ങൾ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് റിയാദിലുള്ള സാമൂഹിക പ്രവർത്തകർ ഇടപെട്ട് എംബസിയിലും മറ്റും പരാതി നൽകിയെങ്കിലും യുവാവിനെ നാട്ടിലെത്തിക്കാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ല. തുടർന്ന്സ്പോൺസർ ഉറങ്ങിക്കിടന്നപ്പോൾ അൻഷാദ് മൊബൈലിൽ വിദേശത്തുള്ള സുഹൃത്ത് സിയാദിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് മോചനത്തിനുള്ള വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.