പള്ളുരുത്തി: കുർബാനക്ക് എത്താതിരുന്ന വൈദികനെ യുവാക്കൾക്കൊപ്പം പള്ളിമേടയിൽ ലഹരിയിൽ കണ്ടെത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിശ്വാസികൾ അറിയിച്ചതിനെ തുടർന്ന് കണ്ണമാലി പൊലീസ് സ്ഥലത്തെത്തി വൈദികനെയും മൂന്ന് യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി. വൈദികനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
ചെല്ലാനം കണ്ണമാലിയിലെ ഒരു ദേവാലയത്തിലെ വൈദികനെയാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ വിശ്വാസികൾ ലഹരിയിൽ കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. സുഖമില്ലെന്ന കാരണം പറഞ്ഞാണ് വൈദികൻ കുർബാന ഒഴിവാക്കിയത്. ഇതിൽ പന്തികേട് തോന്നി വിശ്വാസികൾ പള്ളിമേടയിൽ കയറി നോക്കിയപ്പോഴാണ് വികാരി മദ്യപിച്ച് മൂന്ന് യുവാക്കൾക്കൊപ്പം കിടക്കുന്നത് കണ്ടത്. വൈദികന്റെ മുറി പരിശോധിച്ച വിശ്വാസികള്‍ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തു. ഇത് വലിയ പ്രതിഷേധത്തിനും ഒച്ചപ്പാടിനും ഇടയാക്കി. നാട്ടുകാർ പൊലീസിനെ സംഭവം അറിയിച്ചു. കണ്ണമാലി പൊലീസ് സ്ഥലത്തെത്തി വികാരിയേയും യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റി. ഇടവകയിൽ നടന്ന മറ്റൊരു ചടങ്ങിൽനിന്നും വികാരി ഒഴിഞ്ഞു മാറിയതായി പറയുന്നു.
കൊച്ചി രൂപത ബിഷപ് വിദേശയാത്രയില്‍ ആയതിനാല്‍ രൂപത വൈദികനെതിരെ നടപടി എടുത്തിട്ടില്ല. ബിഷപ് മടങ്ങിവന്ന ശേഷമായിരിക്കും സഭാതലത്തിലുള്ള നടപടി. വിശ്വാസികളുടെ പ്രതിഷേധത്തിന്റെയും പൊലീസ് കാവലില്‍ വൈദികനേയും ചെറുപ്പക്കാരെയും പള്ളിമേടയില്‍ നിന്ന് പുറത്തിറക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.