പ്രധാനമന്ത്രി നാളെ വയനാട്ടിൽ; ഹെലികോപ്ടറിൽ ദുരന്തഭൂമി വീക്ഷിക്കും

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾദുരന്തമുണ്ടായ വയനാട്ടിൽ ശനിയാഴ്ച സന്ദർശനം നടത്തും. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന അദ്ദേഹം ഹെലികോപ്ടറിൽ ദുരന്തസ്ഥലം വീക്ഷിക്കുമെന്നും സൂചനയുണ്ട്. 

രാവിലെ വിമാനമാർഗം കണ്ണൂരിലോ കോഴിക്കോട്ടോ ഇറങ്ങി വയനാട്ടിലേക്ക് പോകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മുതൽ കല്‍പറ്റ, മേപ്പാടി ടൗണുകളില്‍ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

വയനാട്ടിൽ ഗതാഗത നിയന്ത്രണം

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് രാവിലെ 10 മണി മുതല്‍ വയനാട് ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റിവിടൂ.

ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപറ്റ-കൈനാട്ടി ബൈപാസ് ജങ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിംഗ് നിയന്ത്രണം ബാധകമാണ്.

ബസുകൾ

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍ കല്‍പ്പറ്റ, കൈനാട്ടി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകണം. കോഴിക്കോട് നിന്നു മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നു വരുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട് - നെടുമ്പാല - തൃക്കൈപ്പറ്റ - മുട്ടില്‍ - കൈനാട്ടി വഴി ബൈപാസിലേക്ക് കയറണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കല്‍പ്പറ്റക്ക് വരുന്ന വാഹനങ്ങള്‍ ബൈപാസില്‍ കയറി കൈനാട്ടി ജങ്ഷനില്‍ ആളെയിറക്കി തിരിച്ചു പോകണം.

ചെറിയ വാഹനങ്ങൾ

ബത്തേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ കൈനാട്ടി ജങ്ഷനില്‍ നിന്നു തിരിഞ്ഞ് പുളിയാര്‍മല - മണിയന്‍കോട് മുണ്ടേരി - വെയര്‍ഹൗസ് ജങ്ഷന്‍-പുഴമുടി-വെള്ളാരംകുന്ന് വഴി പോകേണ്ടതാണ്. മാനന്തവാടി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാലാംമൈല്‍-വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്നു മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വൈത്തിരി -പൊഴുതന -പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി -പൊഴുതന- പടിഞ്ഞാറത്തറ- കമ്പളക്കാട് -പച്ചിലക്കാട്-മീനങ്ങാടി വഴി പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നും കല്‍പ്പറ്റയിലേക്കുള്ള വാഹനങ്ങള്‍ മൂപ്പൈനാട്-നെടുമ്പാല-തൃക്കൈപ്പറ്റ - മുട്ടില്‍ വഴിയും പോകണം.

ചരക്ക് വാഹനങ്ങള്‍

ബത്തേരി ഭാഗത്ത് നിന്നു കോഴിക്കോട്ടേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ ബീനാച്ചി -കേണിച്ചിറ -പനമരം -നാലാംമൈല്‍ വഴിയോ മീനങ്ങാടി-പച്ചിലക്കാട്-നാലാംമൈല്‍ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ നാലാംമൈല്‍-വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകേണ്ടതാണ്.

Tags:    
News Summary - Prime Minister in Wayanad Landslide Site tomorrow; The disaster area will be seen by helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.